
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംവരണവും ഫീസ് ഇളവും ഉറപ്പാക്കുന്ന വ്യവസ്ഥകളും ഇന്നലെ മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ കരടില്‍ നിര്‍ദേശിക്കുന്നു.
സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന നിശ്ചിത ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഫീസിളവു നല്‍കണം. ജാതി സംവരണവും ഉറപ്പാക്കിയിട്ടുണ്ട്.
എല്ലാ കോഴ്സിലെയും നാലിലൊന്നു സീറ്റുകള്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നിര്‍ബന്ധമായി നല്‍കണം. ഇതു സംബന്ധിച്ചു സര്‍ക്കാരുമായി കരാറില്‍ ഒപ്പിടണം. ഈ മാസം 30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ പരിഗണനയ്ക്കെത്തും.
ഫീസ് നിശ്ചയിക്കാനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഫീ റെഗുലേറ്ററി അഥോറിറ്റിയുമുണ്ടാകും. പരാതികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തലത്തിലെ സംവിധാനമുണ്ടാകും. പരാതികളില്‍ സ്വകാര്യ സര്‍വകലാശാല ചാന്‍സലറോട് വിശദീകരണം തേടാനും സര്‍ക്കാരിന് അധികാരമുണ്ടാകും.
പത്ത് ഏക്കര്‍ ഭൂമിയുള്ള ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. ഒന്നിലേറെ നഗരങ്ങളിലായി 10 ഏക്കര്‍ ഭൂമി ഉണ്ടായാലും മതി.
സര്‍വകലാശാല തുടങ്ങാന്‍ ട്രഷറിയില്‍ സ്ഥിരനിക്ഷേപം എത്രയാകണമെന്ന് ഓരോ അപേക്ഷയും പരിശോധിച്ചു വിദഗ്ധസമിതി തീരുമാനിക്കും. ആക്ടില്‍ തുക എത്രയാണെന്ന് നിര്‍ദേശിക്കില്ല.
കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ക്ക് നിക്ഷേപം കുറയ്ക്കും. കോഴ്സുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തിന് അനുസരിച്ച് നിക്ഷേപത്തുക നിശ്ചയിക്കും. വിദേശ സര്‍വകലാശാല കേരളത്തില്‍ തുടങ്ങാനും ഇതേ ബില്ലില്‍ വ്യവസ്ഥയുണ്ട്. വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പുതിയ സര്‍വകലാശാല തുടങ്ങാനും നിലവിലുള്ള സര്‍വകലാശാലകളോ കോളജുകളോ ഏറ്റെടുത്തു സര്‍വകലാശാല തുടങ്ങാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.