Image

കരിപ്പൂരില്‍ ഷൂവിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കണ്ണൂര്‍ സ്വദേശി പിടിയില്‍

Published on 19 November, 2026
 കരിപ്പൂരില്‍ ഷൂവിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷൂവിന്റെ അടിഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏകദേശം രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കണ്ണൂര്‍ പാതിരിയോട് സ്വദേശിയായ അസ്സു (47) ആണ് പിടിയിലായത്.

1467 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45-ഓടെ ദുബായില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കാലില്‍ ധരിച്ചിരുന്ന ഷൂസിന്റെ  ഇരു സോളുകളിലുമായി കറുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണമിശ്രിതം സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു സോളില്‍ 733.6 ഗ്രാമും മറ്റേ സോളില്‍ 733.4 ഗ്രാമുമാണ് ഉണ്ടായിരുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും കരിപ്പൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പ്രതിയെയും പിടികൂടിയ സ്വര്‍ണവും തുടര്‍നടപടികള്‍ക്കായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക