
മിനസോട്ടയിൽ സോമാലി അമേരിക്കൻ യുബർ ഡ്രൈവറെ ആക്രമിച്ച ഇന്ത്യൻ യുവാവിന്റെ മേൽ വധശ്രമ കുറ്റം ചുമത്തി. കഴുത്തു ഞെരിക്കയും വാഹനം കൊണ്ടു ഡ്രൈവർ മുഹമ്മദ് യുസുഫിനെ ഇടിക്കയും ചെയ്ത സമിത് അപൂർവ പട്ടേൽ അയാളുടെ കാർ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന ആരോപണവും നേരിടുന്നു.
ആശുപത്രിയിൽ യൂസഫ് കോമയിലാണെന്നു കുടുംബം അറിയിച്ചു. നിരവധി പരുക്കുകളുണ്ട്.
ശനിയാഴ്ച്ച മിനാപോളിസിനു സമീപം പട്ടേൽ താമസിക്കുന്ന ഹോപ്കിൻസിൽ വച്ചാണ് അക്രമം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ പട്ടേൽ കാറിൽ കയറുമ്പോൾ യുസുഫ് സഹോദരനുമായി ഫോണിൽ സംസാരിക്കയായിരുന്നു. യുസുഫ് എന്ന പേര് തനിക്കു ഇഷ്ടമല്ലെന്നു പട്ടേൽ പറയുന്നത് സഹോദരൻ കേട്ടതായി സി ബി എസ് ന്യൂസ് പറയുന്നു.
സീറ്റ് ബെൽറ്റ് കൊണ്ടു യുസുഫിന്റെ കഴുത്തു ഞെരിച്ച പട്ടേൽ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. യുസുഫിനെ കാറിടിച്ചതായും പരാതിയിൽ പറയുന്നു.
വാരിയെല്ലുകളും കാലും ഒടിഞ്ഞ യുസുഫിനു നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശം തകർന്നു. പല അവയവങ്ങളും മുറിച്ചു മാറ്റേണ്ടി വന്നു.
"അവിശ്വസനീയമായ വിധം ക്രൂരമായ ആക്രമണം," ഹെന്നെപിൻ കൗണ്ടി അറ്റോണി മേരി മോറിയറ്റി പറഞ്ഞു.
ഒന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്നു
യുസുഫിനു ഒന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്നുവെന്നു മകൻ മുസ്തഫ ഉസ്മാൻ പറഞ്ഞു. വംശീയ വിദ്വേഷത്തിന്റെ പേരിലാണ് പട്ടേൽ ആക്രമണം നടത്തിയതെന്നു കുടുംബം ആരോപിക്കുന്നു. എന്നാൽ അത് സ്ഥാപിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്നു മോറിയറ്റി പറഞ്ഞു.
കൗൺസിൽ ഓഫ് അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് മിനസോട്ടാ ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്‌ടർ ജയ്‌ലാനി ഹുസൈൻ പറഞ്ഞു: "സമൂഹം എന്ന നിലയ്ക്ക് ഞങ്ങൾ നിരന്തരം ഭീഷണി നേരിടുന്നു. ഞങ്ങളെ ലക്‌ഷ്യം വച്ചുള്ള നുണ പ്രചാരണങ്ങൾ പല ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്. ഞങ്ങൾ അതിനെ ദുരിതം അനുഭവിക്കുന്നു."
ശനിയാഴ്ച്ച അറസ്റ്റ് ചെയ്ത പട്ടേലിനെ ബുധനാഴ്ച്ച കോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. $1 മില്യനാണ് ജാമ്യ തുക നിശ്ചയിച്ചിട്ടുള്ളത്.
Indian charged with attempted murder of Uber driver