Image

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്ന വാദങ്ങളിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി; രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി അടൂർ പ്രകാശ്

Published on 18 November, 2026
 മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്ന വാദങ്ങളിൽ  പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി;  രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത  തള്ളി അടൂർ പ്രകാശ്

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന പ്രതിപക്ഷ വിമർശനത്തിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ മന്ത്രിസഭയിലെ അംഗമല്ലാത്തതിനാൽ ക്യാബിനറ്റിൽ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നൽകിയ പരാതിയിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തയും അദ്ദേഹം തള്ളി. ആരാണ് ഇത്തരമൊരു വാർത്ത നൽകിയതെന്നും പലരും തന്നോട് ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അടൂർ പ്രകാശ് ചോദിച്ചു. താൻ നൽകിയ പരാതികളുടെ വിവരങ്ങൾ പുറത്തുവന്നുവെന്ന് ചിലർ പറയുന്നുണ്ടെങ്കിൽ അത് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളിലും അദ്ദേഹം പ്രതികരിച്ചു.

പത്മജയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്തിനാണ് പത്മജ കോൺഗ്രസ് വിട്ടതെന്ന കാര്യം പോലും പലർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രണ്ട് പേരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയമാണ് തന്റെ പരാതിക്ക് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

നിയമനങ്ങൾ സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിൽ ആദ്യം എടുത്തെങ്കിലും ഇക്കാര്യം താൻ അറിഞ്ഞത് പിറ്റേന്നത്തെ പത്രത്തിലൂടെയായിരുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു. തലേദിവസം മസ്കറ്റിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ടിട്ടും തീരുമാനങ്ങൾ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയം ഇപ്പോഴും തന്റെ പരാതിയുടെ കാരണമായി നിലനിൽക്കുന്നുണ്ടെന്നും പരാതികൾ അറിയിക്കേണ്ടിടത്ത് അറിയിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക