Image

ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ; പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി

Published on 18 November, 2026
ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു: ചികിത്സാ പിഴവ്  ആരോപിച്ച്  ബന്ധുക്കൾ ;  പിഴവ് ഉണ്ടായിട്ടില്ലെന്ന്  ആശുപത്രി

ആലപ്പുഴ; ചെങ്ങന്നൂരില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ മാസം പതിനാറിനാണ് തൈറോയ്ഡ് ഗ്രന്ഥിയില്‍ കാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദയലക്ഷ്മിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കുന്നതിന് തൊട്ടുമുമ്പു വരെ സംസാരിച്ച് സാധാരണപോലെ പെരുമാറിയ രോഗി പെട്ടെന്ന് മരിച്ചതിലാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ശസ്ത്രക്രിയാ പിഴവ് ഉണ്ടായിട്ടില്ലെന്ന് വെണ്‍മണിയിലെ സഞ്ജീവനി ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ശസ്ത്രക്രിയയിലോ തുടര്‍ ചികിത്സയിലോ പിഴവുണ്ടായിട്ടില്ല. ചികിത്സയുടെ എല്ലാ ഘട്ടത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിരുന്നു. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളില്‍ ഹൃദയാഘാതത്തിനും ശ്വാസകോശ തടസങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ഇതു തന്നെയാകാം ഉദയലക്ഷ്മിയുടെയും മരണത്തിന് കാരണമായതെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഉദയലക്ഷ്മിയുടെ ബന്ധുക്കളുടെ പരാതിയില്‍ വെണ്‍മണി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക