
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സസ്‌പെൻഷൻ നടപടിക്കെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി തിങ്കളാഴ്ച (നവംബർ 23) വിധി പറയും. വിദ്യാർത്ഥി പ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകാറുള്ളതല്ലേ എന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിച്ചല്ല തയ്യാറാക്കിയതെന്നും, തങ്ങൾ എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് ഇതുവരെ സമിതി വ്യക്തമാക്കിയിട്ടില്ലെന്നും വിദ്യാർത്ഥികൾ കോടതിയിൽ വാദിച്ചു.
നാലുപേരുടെ സസ്‌പെൻഷൻ വീണ്ടും നീട്ടിയതായും, ഖേദം പ്രകടിപ്പിച്ചാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് പറയുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
അതേസമയം, നടപടി നേരിട്ട വിദ്യാർത്ഥികൾക്കെതിരെ മുൻപും കേസുകളുണ്ടെന്നും, ബിരുദദാന ചടങ്ങിൽ ഇത്തരത്തിലൊരു പ്രതിഷേധം മുൻപ് കണ്ടിട്ടില്ലെന്നും സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു.
സർവകലാശാലയുടെ അരിശം തീർന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന്, ഒരു ദിവസത്തെ ബാനർ മാത്രമായിരുന്നു അതെന്നായിരുന്നു സർവകലാശാലയുടെ മറുപടി. വാദത്തിനിടെ മാധ്യമങ്ങൾക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. എന്ത് റിപ്പോർട്ട് ചെയ്യണമെന്നും ചെയ്യേണ്ടെന്നും മാധ്യമങ്ങളാണ് തീരുമാനിക്കുന്നതെന്നും, അത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. മാപ്പ് പറയണമെന്ന സർവകലാശാലയുടെ സത്യവാങ്മൂലത്തിന് മറുപടി നൽകിയ വിദ്യാർത്ഥികൾ, മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.