Image

ട്രേഡിങ് ആപ്പിലൂടെ കൊച്ചിയില്‍ 2.5 കോടി തട്ടി; വ്യാജ RTO ചെലാന്‍ വഴിയും തട്ടിപ്പ്, പണംപോയത് നിരവധി പേര്‍ക്ക്

Published on 18 November, 2026
 ട്രേഡിങ് ആപ്പിലൂടെ കൊച്ചിയില്‍ 2.5 കോടി തട്ടി; വ്യാജ RTO ചെലാന്‍ വഴിയും തട്ടിപ്പ്, പണംപോയത് നിരവധി പേര്‍ക്ക്

കൊച്ചി: കൊച്ചിയില്‍ സൈബര്‍ തട്ടിപ്പിലൂടെ വീണ്ടും പണം കവര്‍ന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നല്‍കിയ വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോമില്‍ പണം നിക്ഷേപിച്ച കളമശ്ശേരി സ്വദേശിയായ ഡോക്ടര്‍ക്ക് 1.57 കോടി രൂപ നഷ്ടപ്പെട്ടു. ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് 90,000 രൂപയാണ് മുളവുകാട് സ്വദേശിനിയില്‍ നിന്നും തട്ടിയെടുത്തത്. R

ഡോക്ടറുടെ പരാതിയില്‍ കളമശ്ശേരി പോലീസ് കേസെടുത്തു. ഡേറ്റിങ് ആപ്പ് വഴിയാണ് 47-കാരനായ ഡോക്ടര്‍ പാലക്കാട്ടുകാരിയായ 'ഗൗതമി നായര്‍' എന്ന പേരിലുള്ള 33-കാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ കമ്പനിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്ലാറ്റ്‌ഫോം ഡോക്ടര്‍ക്ക് പരിചയപ്പെടുത്തി. 2025 ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെ വിവിധ തവണകളായി സ്വന്തം അക്കൗണ്ടില്‍ നിന്നും ഡോക്ടറുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും  വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തു. മൂന്നു മാസത്തിനിടെ 1.57 കോടി രൂപ ഇങ്ങനെ നല്‍കി.

നിക്ഷേപിച്ച തുകയും അതിനുള്ള ലാഭവിഹിതവും ഡോളര്‍ കണക്കില്‍ വ്യാജ ആപ്ലിക്കേഷനില്‍ കാണിച്ചാണ് ഡോക്ടറെ വിശ്വസിപ്പിച്ചത്. എന്നാല്‍, പണമോ ലാഭവിഹിതമോ തിരികെ നല്‍കാതെ വന്നതോടെയാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കളമശ്ശേരി പോലീസ് കേസെടുത്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡേറ്റിങ് ആപ്പ് വഴിയുള്ള ആശയവിനിമയത്തിന്റെ വിവരങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഡോക്ടര്‍ പോലീസിന് കൈമാറി.


മോട്ടര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ കയറി പിഴയടയ്ക്കാന്‍ വാട്‌സാപ്പ് വഴി തട്ടിപ്പുകാര്‍ അയക്കുന്ന വ്യാജ ലിങ്കില്‍ കയറി പണം നഷ്ടപ്പെട്ടവരുടെ പരാതികള്‍ പെരുകുകയാണ്. പരാതിക്കാരെ സൈബര്‍ പോലീസിലേക്ക് പറഞ്ഞയയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

നിയമലംഘനവും വാഹനത്തിന്റെ വിവരങ്ങളും പിഴത്തുകയും കൃത്യമായി ഉള്‍പ്പെടുത്തി വാട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങളാണ് പലരെയും കുരുക്കുന്നത്. ഔദ്യോഗിക സംവിധാനത്തില്‍നിന്നുള്ള അറിയിപ്പാണെന്ന് കരുതി ലിങ്കില്‍ കയറി പണമടയ്ക്കുന്നതോടെ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും. ചിലപ്പോള്‍ ഈ ലിങ്കില്‍ കയറുന്നയാളുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്യപ്പെടുകയും ബാങ്കിലെ മുഴുവന്‍ തുകയും നഷ്ടമാവുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ മാത്രം പത്തോളം പേരുടെ അക്കൗണ്ടുകള്‍ ഇപ്രകാരം ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം.

ഗൂഗിളില്‍ 'പരിവാഹന്‍ ഇ-ചലാന്‍' എന്ന് തിരയുമ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റിനൊപ്പം സമാന പേരിലുള്ള സ്വകാര്യ സൈറ്റുകളും സ്‌പോണ്‍സേഡ് ലിങ്കുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ കയറി പണമടയ്ക്കുന്നവരില്‍നിന്ന് സര്‍ക്കാര്‍ ചുമത്തിയ 500 രൂപയുടെ പിഴയ്ക്ക് പകരം 1,000 മുതല്‍ 2,000 രൂപ വരെയാണ് സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കുന്നത്. അടയ്ക്കുന്ന പണമെല്ലാം നഷ്ടപ്പെടും. സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ പിഴ ബാക്കി നില്‍ക്കുകയും ചെയ്യും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക