Image

സഫാരി ജീപ്പുകള്‍ പരിശോധിച്ച എംവിഐയ്ക്ക് സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വധഭീഷണി; പോലീസ് കേസെടുത്തു

Published on 18 November, 2026
 സഫാരി ജീപ്പുകള്‍ പരിശോധിച്ച എംവിഐയ്ക്ക് സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വധഭീഷണി; പോലീസ് കേസെടുത്തു

 

വണ്ടിപ്പെരിയാര്‍ (ഇടുക്കി): വിനോദസഞ്ചാരികളുമായി അതിവേഗത്തില്‍പോയ സഫാരി ജീപ്പുകള്‍ പരിശോധിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വധഭീഷണി. വണ്ടിപ്പെരിയാര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥന്‍ എസ്. ഫ്രാന്‍സിസിനാണ് പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയുണ്ടായത്. ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു.

നവംബര്‍ 11-ന് കുമളി-സത്രം റൂട്ടില്‍ നടത്തിയ വാഹനപരിശോധനയാണ് പ്രകോപനത്തിന് കാരണമായത്. വിനോദസഞ്ചാരികളുമായി 'മരണപ്പാച്ചില്‍' നടത്തുന്ന ജീപ്പുകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇതില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയ ചില വാഹനങ്ങള്‍ ഉദ്യോഗസ്ഥന്‍ പിടികൂടിയിരുന്നു.

ഇതിനുപുറമെ, സഫാരി ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം എസ്. ഫ്രാന്‍സിസ് കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇതും ഒരുവിഭാഗം ഡ്രൈവര്‍മാരുടെ എതിര്‍പ്പിന് കാരണമായി. തുടര്‍ന്ന്, ഉദ്യോഗസ്ഥന്റെ നടപടിയില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു. പ്രകടനം നടത്തി. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കിയത്. ഭീഷണി സംബന്ധിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് എം.വി.ഐ. പരാതി നല്‍കിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക