Image

ലീഗ് അംഗങ്ങള്‍ വിട്ടുനിന്നു; ആനക്കര പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

Published on 18 November, 2026
 ലീഗ് അംഗങ്ങള്‍ വിട്ടുനിന്നു; ആനക്കര പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

പാലക്കാട്/ആനക്കര: മുസ്ലിംലീഗിന്റെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെ ആനക്കര പഞ്ചായത്തിന്റെ ഭരണനേതൃത്വം സി.പി.എമ്മിന്. കോണ്‍ഗ്രസിന്റെ  പി.എന്‍. അംബികയെ ഒരു വോട്ടിന് പരാജയപ്പെടുത്തി സി.പി.എമ്മിലെ എം.വി. ജംസീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. അംഗം തിരഞ്ഞെടുപ്പു നടപടികളില്‍ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.

ലീഗ് അംഗങ്ങളായ സല്‍മാ ബഷീര്‍, സീനത്ത് പുളിക്കല്‍, ഷീബ പുളിക്കല്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്. ഇതില്‍ സീനത്ത് പുളിക്കല്‍ നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. നേരത്തേ യു.ഡി.എഫില്‍നിന്ന് പ്രസിഡന്റായിരുന്ന പി.എന്‍. അംബിക അവിശ്വാസപ്രമേയം പാസായതിനെത്തുടര്‍ന്ന് രാജിവെച്ചപ്പോള്‍ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നതും സീനത്ത് പുളിക്കലായിരുന്നു.

17 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് ഏഴും കോണ്‍ഗ്രസിന് ആറും മുസ്ലിംലീഗിന് മൂന്നും ബി.ജെ.പി.ക്ക് ഒന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജംസീനയ്ക്ക് ഏഴും അംബികയ്ക്ക് ആറും വോട്ടുകള്‍ ലഭിച്ചു. ഇതോടെ പഞ്ചായത്തിലെ ദിവസങ്ങള്‍നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി.

പഞ്ചായത്തിലെ താത്കാലിക ജീവനക്കാരന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. യു.ഡി.എഫ്. ധാരണകള്‍ക്കു വിരുദ്ധമായ തീരുമാനങ്ങള്‍ പാസാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പി. അംഗത്തിന്റെ പിന്തുണ തേടിയെന്നായിരുന്നു മുസ്ലിംലീഗിന്റെ ആരോപണം. ഈ ഭിന്നത ഭരണപ്രതിസന്ധിയിലേക്കും പ്രസിഡന്റ് പി.എന്‍. അംബികയ്‌ക്കെതിരായ അവിശ്വാസപ്രമേയത്തിലേക്കും നീങ്ങുകയായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചപ്പോള്‍ പി.എന്‍. അംബികയെത്തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. ഇതിനോട് മുസ്ലിംലീഗ് യോജിച്ചില്ല. ഇതോടെ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ലീഗ് തീരുമാനിച്ചു. തിങ്കളാഴ്ച കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ വിട്ടുനിന്നതോടെ ക്വാറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക