
ചേര്‍ത്തല (ആലപ്പുഴ): മരണാനന്തരച്ചടങ്ങിനോടനുബന്ധിച്ച് അടിയന്തരസദ്യക്കു ബീഫ് വിളമ്പാത്തതിന് വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞയാളെ ചേര്‍ത്തല പോലീസ് പിടികൂടി.
മോഷണക്കേസുകളിലടക്കം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡിലെ വള്ളിക്കാട്ട് കോളനിയില്‍ ശ്യാംകുമാര്‍ (ചക്രന്‍ ശ്യാം-41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 22-ന് പള്ളിപ്പുറം ചക്കനാട്ടു കോളനിയില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം.
ഭക്ഷണം വിളമ്പുന്നതിനിടെ ചിക്കന്‍കറി നല്‍കിയതില്‍ പ്രകോപിതനായ ഇയാള്‍ ബീഫ് വേണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ വയോധികന്റെ പല്ലുകള്‍ ഇളകിത്തെറിച്ചു. ആക്രമണത്തിനുശേഷം നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി തൃശ്ശൂര്‍ ജില്ലയില്‍ ഒളിവില്‍ക്കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തൃശ്ശൂരിലെത്തി പിടികൂടിയത്. ചേര്‍ത്തല ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
ചേര്‍ത്തല സബ് ഇന്‍സ്പെക്ടര്‍മാരായ ബജിത്ത്, സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുണ്‍കുമാര്‍, പ്രവീഷ്, മനു കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.