Image

സ്‌കൂട്ടറില്‍ അമ്മയ്ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരന്‍ ലോറിയിടിച്ച് മരിച്ചു; സഹോദരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published on 18 November, 2026
 സ്‌കൂട്ടറില്‍ അമ്മയ്ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരന്‍ ലോറിയിടിച്ച് മരിച്ചു; സഹോദരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ ഗോവിന്ദാപുരം ആര്‍.ടി.ഒ. ചെക്‌പോസ്റ്റിന് സമീപം അമ്മയും രണ്ടുകുട്ടികളും സഞ്ചരിച്ച സ്‌കൂട്ടറില്‍, അതേ ദിശയില്‍വന്ന  ചരക്കുലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴുവയസ്സുകാരന് ദാരുണാന്ത്യം.

മുതലമട അടവുമരം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുവിന്റെയും അനറ്റിന്റെയും മകന്‍ ശ്രീഹരിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ഗോവിന്ദാപുരം അതിര്‍ത്തിക്കപ്പുറം തമിഴ്നാട് പ്രദേശത്തുള്ള ശ്രീ കന്തസ്വാമി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ശ്രീഹരി. സ്‌കൂള്‍വിട്ടശേഷം മൂത്തമകന്‍ ശ്രീഹരിയേയും ഇളയമകന്‍ സൈല്‍(5)നെയും കൂട്ടി അടവുമരത്തിനടുത്തുള്ള വീട്ടിലേക്ക് അനറ്റ് സ്‌കൂട്ടറില്‍ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ലോറിയുടെ വശം സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സ്‌കൂട്ടറില്‍നിന്ന് മൂന്നുപേരും റോഡിലേക്ക് വീണെങ്കിലും പിന്നിലിരുന്ന ശ്രീഹരിയുടെ ദേഹത്തുകൂടെ ലോറിയുടെ പിന്‍ചക്രം കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ശ്രീഹരി മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി ഉദയകുമാറിന്റെ (53) പേരില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു. നേരത്തേ ചെമ്മണാമ്പതി ഭാഗത്ത് കുറേക്കാലം താമസിച്ചിരുന്ന വിഷ്ണുവും  കുടുംബവും അടുത്തകാലത്താണ് ചുള്ളിയാര്‍ ഡാമിനടുത്തുള്ള അടവുമരം ഭാഗത്തേക്ക് താമസം മാറ്റിയിത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക