
ഇറാന്റെ പ്രേരണയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ പാക്കിസ്ഥാനി ആസിഫ് മെർച്ചന്റിനു 27 വർഷവും ആറു മാസവും തടവ് ശിക്ഷ ലഭിച്ചു. ബ്രൂക്‌ലിനിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്ജ് എറിക് ആർ. കോമിറ്റിയാണ് 330 മാസത്തെ തടവിനു മെർച്ചന്റിനെ (48) ശിക്ഷിച്ചത്.
ഇറാൻ വിപ്ലവ സേന ഐ ആർ ജി സിയുടെ നിർദേശം അനുസരിച്ചു ഒരു യുഎസ് നേതാവിനെ വധിക്കാൻ മെർച്ചന്റ് വാടകയ്‌ക്കെടുത്തവർ എഫ് ബി ഐ ഏജന്റുമാർ ആയിരുന്നു എന്നതു കൊണ്ടാണ് അയാൾ പെട്ടത്. രാജ്യത്തിൻറെ അതിരുകൾ കടന്നുളള ഭീകര പ്രവർത്തനം എന്ന കുറ്റമാണ് അയാളിൽ ആരോപിച്ചത്. ട്രംപ് ആയിരുന്നു ലക്ഷ്യമെന്നു മെർച്ചന്റ് കോടതിയിൽ പറഞ്ഞിരുന്നു.
അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി എന്നിവർ മറ്റു ലക്ഷ്യങ്ങൾ ആയിരുന്നുവെന്നു ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.
എന്നാൽ ട്രംപ് ആദ്യതവണ പ്രസിഡന്റ് ആയിരിക്കെ 2020ൽ ഇറാൻ കമാൻഡർ കാസിം സൊലേയ്മാനിയെ യുഎസ് സേന വധിച്ചതിന്റെ പ്രതികാരം എന്ന നിലയ്ക്ക് ലക്‌ഷ്യം ട്രംപ് തന്നെ ആയിരുന്നു എന്നാണ് നിഗമനം.
ഇറാനിൽ കഴിയുന്ന തന്റെ കുടുംബത്തിന്റെ സുരക്ഷയെ ഭയന്ന് ഗൂഢാലോചനയിൽ പങ്കെടുത്തെങ്കിലും ആരെയും കൊല്ലാൻ താൻ തയാറായിരുന്നില്ലെന്നു മെർച്ചന്റ് പറഞ്ഞു. എന്നാൽ മെർച്ചന്റ് സ്വയം പങ്കാളിയാവുകയും യുഎസിലേക്കു യാത്ര ചെയ്യും മുൻപ് ഇറാനിൽ പരിശീലനം നേടുകയും ചെയ്തുവെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞു.
ഒരു ബന്ധു വഴിയാണ് മെർച്ചന്റ് ഇറാന്റെ ദൂതനെ പരിചയപ്പെട്ടത്. ടെഹ്റാനിൽ വച്ച് അയാളെ പലകുറി കണ്ടുമുട്ടി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണു വെട്ടിക്കാനും കൊല നടത്താൻ ക്രിമിനലുകളെ കണ്ടെത്താനുമുള്ള പരിശീലനം അയാൾക്കു ലഭിച്ചു.
സുഹൃത്ത് എഫ് ബി ഐക്കു വിവരം നൽകി
2024 ഏപ്രിലിൽ ഇറാനിൽ നിന്നു യുഎസിൽ എത്തിയ മെർച്ചന്റ് ഒരു സുഹൃത്തിനെ സഹായത്തിനു സമീപിച്ചു. ആ സുഹൃത്ത് പക്ഷെ മെർച്ചന്റിനെ കുറിച്ച് എഫ് ബി ഐക്കു വിവരം നൽകി.
റാലി നടക്കുമ്പോൾ രാഷ്ട്രീയ നേതാവിനെ എങ്ങിനെ വധിക്കാൻ കഴിയും എന്നു മെർച്ചന്റ് വിശദീകരിക്കുന്ന വീഡിയോ പ്രോസിക്യൂഷൻ വിചാരണയിൽ ഹാജരാക്കി. തനിക്കു പിന്നിൽ ഒരു വിദേശ ശക്തിയുണ്ടെന്ന് അയാൾ കൊലയാളികൾ എന്നു കരുതപ്പെട്ടവരോടു പറഞ്ഞു.
രേഖകൾ മോഷ്ടിക്കുക, റാലികളിൽ പ്രതിഷേധം സംഘടിപ്പിക്കുക, രാഷ്രീയ നേതാവിനെ വധിക്കുക എന്നീ ജോലികളാണ് അയാൾക്കു ഉണ്ടായിരുന്നത്. 'കൊലയാളികൾക്ക്' മെർച്ചന്റ് $5,000 വീതം അഡ്വാൻസ് 2024 ജൂൺ 21നു നൽകിയെന്നു പ്രോസിക്യൂഷൻ പറഞ്ഞു.
ജൂലൈ 12നു അയാളെ ടെക്സസിൽ വച്ച് അറസ്റ്റ് ചെയ്തു.
Pakistani man gets 27.5 years in assassination plot targeting Trump