
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അതിരപ്പിള്ളി പ്ലാന്റേഷൻ മൂന്നാം ബ്ലോക്ക് ക്വാർട്ടേഴ്‌സിലെ റിൻസിക്കാണ് (34) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ കൊരട്ടിയിലെ ലത്തീൻ പള്ളിയിൽ പോയി മടങ്ങുന്നതിനിടെ വെറ്റിലപ്പാറ പാലത്തിന് സമീപത്തുവെച്ചാണ് സംഭവം.
ഭർത്താവിന്റെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് നിർത്തി. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി റോഡിൽ നിൽക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് റിൻസിയെ അടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ റിൻസിയുടെ ഇടതുകൈയ്ക്കും മൂക്കിനും പരിക്കേറ്റു. തുടർന്ന് ഇവരെ ചാലക്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളിയാണ് റിൻസി.