Image

യുഎൻ സെക്രട്ടറി ജനറൽ പദവി ; റെബേക്ക ഗ്രിൻസ്പാൻ മുന്നിലെന്ന് റിപ്പോർട്ടുകൾ

Published on 17 November, 2026
യുഎൻ സെക്രട്ടറി ജനറൽ പദവി ; റെബേക്ക ഗ്രിൻസ്പാൻ മുന്നിലെന്ന് റിപ്പോർട്ടുകൾ

ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറലാകാനുള്ള മത്സരത്തിൽ കോസ്റ്റാറിക്കൻ മുൻ വൈസ് പ്രസിഡന്റും നയതന്ത്രജ്ഞയുമായ റെബേക്ക ഗ്രിൻസ്പാൻ മുന്നിലെന്ന് റിപ്പോർട്ടുകൾ. നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നത്. 2027 ജനുവരി ഒന്നിന് പുതിയ സെക്രട്ടറി ജനറൽ ചുമതലയേൽക്കണം. 70കാരിയായ റെബേക്ക തിരഞ്ഞെടുക്കപ്പെട്ടാൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ജൂത വ്യക്തിയുമായി മാറും.

യുഎൻ രക്ഷാസമിതിയുടെ അനൗദ്യോഗിക വോട്ടെടുപ്പുകളിൽ റെബേക്ക മുന്നിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനയുടെ റാഫേൽ ഗ്രോസി, ഗയാനയുടെ കരോലിൻ റോഡ്രിഗസ് ബിർക്കറ്റ്, യുഎഇയുടെ ലാന നുസൈബെ എന്നിവരും മത്സരരംഗത്തുണ്ട്. ആകെ എട്ട് സ്ഥാനാർത്ഥികളാണ് പരിഗണനയിലുള്ളത്. എന്നാൽ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം ഉൾപ്പെടെയുള്ള ഘടകങ്ങൾ അന്തിമ തിരഞ്ഞെടുപ്പിൽ നിർണായകമാകും. അമേരിക്കയും റഷ്യയും യുഎഇ സ്ഥാനാർത്ഥിയായ ലാന നുസൈബെയെ പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്.

റെബേക്ക ഗ്രിൻസ്പാന്റെ ഇസ്രയേലുമായുള്ള കുടുംബബന്ധങ്ങളും അവരുടെ നിലപാടുകളും മത്സരത്തിൽ ചർച്ചയാകുന്നുണ്ട്. ഇസ്രയേലിൽ പഠിച്ചിട്ടുള്ള അവർക്ക് അവിടെ അടുത്ത കുടുംബബന്ധങ്ങളുമുണ്ട്. അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച റെബേക്ക ഗാസയിൽ വെടിനിർത്തലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. യുഎൻ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന ആവശ്യവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ നേടാനുള്ള വെല്ലുവിളിയും റെബേക്കയ്ക്ക് മുന്നിലുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക