
ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടയിൽ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തൻ്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെതിരെ വൈകാരികമായി പ്രതികരിച്ച് ബിൽക്കിസ് ബാനു. തന്നെ അറിയിക്കുകയോ തൻ്റെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് പരമോന്നത കോടതി വീണ്ടും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അവർ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. "എൻ്റെ വാക്കുകൾ പുറത്തുവരുന്നത് വേദനയുടെയും ഞെട്ടലിൻ്റെയും അവിശ്വാസത്തിൻ്റെയും പുതിയ കണ്ണീർത്തുള്ളികളിലൂടെയാണ്..." എന്ന് തുടങ്ങുന്ന പ്രസ്‌താവനയിലൂടെയാണ് ബാനു പ്രതികരിച്ചത്.
സീനിയർ അഡ്വക്കേറ്റ് ശോഭ ഗുപ്ത മുഖേന പുറത്തുവിട്ട പ്രസ്താവനയിലാണ് ബിൽക്കിസ് ബാനു തൻ്റെ കടുത്ത അമർഷവും ഭയവും രേഖപ്പെടുത്തിയത്. മാധ്യമ വാർത്തകളിലൂടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ച വിവരം താൻ അറിഞ്ഞതെന്ന് അവർ വ്യക്തമാക്കി.
എന്നെ വിളിക്കുകയോ എൻ്റെ ഭാഗം കേൾക്കുകയോ ചെയ്യാതെ സുപ്രീം കോടതി വീണ്ടും, ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ഉത്തരവ് പാസാക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ആ പ്രതികളുടെ ശിക്ഷ സുപ്രീം കോടതിക്ക് എങ്ങനെ വെറുതെ റദ്ദാക്കാൻ കഴിയും? അവർക്ക് എന്നെ ഒന്ന് അറിയിക്കാമായിരുന്നില്ലേ? ആ കോടതിമുറിയിൽ എൻ്റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?" ബിൽക്കിസ് ബാനു ചോദിക്കുന്നു. ഈ പുതിയ ഉത്തരവ് തൻ്റെയും മക്കളുടെയും സുരക്ഷയെക്കുറിച്ച് വീണ്ടും ഭയമുണ്ടാക്കുന്നുവെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഈ ക്രൂരത നടന്നതെന്നും നീതിക്കായി താൻ കഴിഞ്ഞ 24 വർഷമായി ദീർഘമായ പോരാട്ടത്തിലാണ് നില്‍ക്കുന്നതെന്നും ബിൽക്കിസ് ബാനു ഓർമ്മിപ്പിച്ചു. "ഞാൻ ഈ ഉത്തരവിനെതിരെ പോരാടും. എനിക്ക് പോരാടിയേ തീരൂ. എൻ്റെ മക്കൾക്ക് വേണ്ടിയാണിത്. ബാക്കി ജീവിതകാലം മുഴുവൻ ഈ ഭയം പേറി ജീവിക്കേണ്ടവരല്ല അവർ. ജീവിക്കാൻ അവകാശമുണ്ടായിരുന്ന എൻ്റെ മൂന്ന് വയസ്സുകാരി സ്വാലിഹയുടെ ഓർമയ്ക്ക് വേണ്ടിയാണിത്. ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണിത്," ബിൽക്കിസ് ബാനു തൻ്റെ ഉറച്ച നിലപാട് വ്യക്തമാക്കി.