
ന്യൂഡൽഹി: പാലത്തായി പോക്സോ കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ സുപ്രിം കോടതി നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരും അതിജീവിതയുടെ അമ്മയും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് സുപ്രിം കോടതിയുടെ നടപടി.
ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ച് പ്രതിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് പത്മരാജൻ അറസ്റ്റിലായത്. 376 എ.ബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15-ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു.
ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മെയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരിയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പത്മരാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
2026 ഓഗസ്റ്റിലാണ് കേരള ഹൈക്കോടതി പത്മരാജന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തത്. അതിജീവിതയുടെ മൊഴിയിലെ വൈരുധ്യങ്ങളും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുള്ള പ്രാഥമിക നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.