
ലോസ് ഏഞ്ചലസ് മേയർ സ്ഥാനത്തേക്ക് എത്തിയ ഇന്ത്യൻ അമേരിക്കൻ നിത്യാ രാമൻ താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഞായറാഴ്ച്ച അനുയായികളോടു വിശദീകരിച്ചു. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള രാമൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സോഷ്യലിസ്റ്റ് വിഭാഗത്തിലാണ് നിൽക്കുന്നതെങ്കിലും അവരുടെ പ്രഖ്യാപനത്തിൽ കടുത്ത ഇടതു തീവ്ര നിലപാടുകളൊന്നും പ്രകടമായില്ല.
നഗര ആസൂത്രണത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തിട്ടുള്ള രാമൻ കൂടുതലും പ്രായോഗികമായ പരിപാടികളാണ് അനാവരണം ചെയ്തത്. തിരഞ്ഞെടുപ്പിനു മുൻപ് കർശനമായ വാടക നിയന്ത്രണം, പോലീസിന്റെ മേലുള്ള നിയന്ത്രണം തുടങ്ങിയ നയങ്ങൾ പ്രഖ്യാപിച്ചിരുന്നു അവർ.
ഞായറാഴ്ച്ച കടുത്ത ചൂട് ഉണ്ടായിരുന്നെങ്കിലും ഉറ്റ അനുയായികൾ എത്തി. ലോസ് ഏഞ്ചലസിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന രാമന്റെ വാഗ്ദാനം കേട്ട അവർക്കു പ്രതീക്ഷിച്ച തീയും പുകയും കാണാൻ കഴിഞ്ഞില്ല.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ട്രംപ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകളും കണ്ട നഗരം ആഗോള സാംസ്കാരിക തലസ്ഥാനം കൂടിയാണെന്നു രാമൻ ഓർമിപ്പിച്ചു. "ലോസ് ഏഞ്ചലസിനു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഒന്നുമില്ല."
ലോസ് ഏഞ്ജലസ് കൗണ്ടിയിലെ 10 മില്യൺ ജനങ്ങളിൽ നാലു മില്യന്റെ മേൽ മാത്രമേ രാമനു നിയന്ത്രണമുള്ളൂ എന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടുന്നു. 15 അംഗ സിറ്റി കൗൺസിലും കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്സും ഭരണം പങ്കിടുന്നു. സാമൂഹ്യ സേവന ചെലവുകൾ അവരാണ് നിയന്ത്രിക്കുന്നത്.
സ്ഥാനമൊഴിയുന്ന മേയർ കാരൻ ബാസ് പോലീസിനു വൻ തോതിൽ പണം നൽകി പിന്തുണ നേടിയിരുന്നു. ആ വഴിക്കു ഒട്ടേറെ പണം പോയതു കൊണ്ട് രാമന്റെ പദ്ധതികൾ നടപ്പാക്കാൻ പണം തികഞ്ഞെന്നു വരില്ല.
സിറ്റി കൺവെൻഷൻ സെന്ററിനു ബാസ് മുടക്കിയ പണം വർഷം തോറും $100 മില്യൺ എന്ന കണക്കിൽ മൂന്നു പതിറ്റാണ്ടു തിരിച്ചടയ്ക്കണം. അതിനെല്ലാം പുറമെ 2028ൽ ഒളിംപിക്സ് വരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയിലെ നവതലമുറയുടെ പ്രതിനിധികളായ ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി, സാൻ ഫ്രാൻസിസ്കോയുടെ ഡാനിയൽ ലൂറി, ബോസ്റ്റൺ മേയർ മിഷേൽ വൂ എന്നിങ്ങനെയുളളവരാവും രാമന്റെ മാതൃക. പ്രയോഗികതയിൽ ഊന്നിയാണ് അവർ ഭരണം നടത്തുന്നത്.
Raman focuses on pragmatism