Image

ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി

അനിൽ മറ്റത്തിക്കുന്നേൽ Published on 16 November, 2026
ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ  ഫെഡറൽ കുറ്റം ചുമത്തി

ഷിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് അറ്റ് ഷിക്കാഗോ (University of Illinois at Chicago)  സ്റ്റുഡന്റ് സെന്റർ ഈസ്റ്റിൽ നവംബർ 4-ന് നടന്ന സംഭവത്തിൽ 20 വയസ്സുള്ള വിദ്യാർഥി പുഗഴൻ തമിഴ്‌സാമി സത്യമൂർത്തിക്കെതിരെ (Pugazhan Tamizhsami Sathyamurthy) ഫെഡറൽ കുറ്റം ചുമത്തി.   രജിസ്റ്റർ ചെയ്യാത്ത വിനാശകാരിയായ ഉപകരണം കൈവശം വെച്ചുവെന്നാണ് കേസ്.

നവംബർ 4-ന് ഉച്ചയ്ക്കുശേഷം സൗത്ത് ഹാൾസ്റ്റെഡ് സ്ട്രീറ്റിലെ സ്റ്റുഡന്റ് സെന്റർ ഈസ്റ്റിന്റെ രണ്ടാം നിലയിലാണ് സംഭവം. ഫെഡറൽ പരാതിയനുസരിച്ച്, ‘മൊളോട്ടോവ് കോക്ടെയിൽ’   കത്തുന്ന നിലയിൽ
സത്യമൂർത്തി ഒരാളുടെ നേരെ എറിഞ്ഞെന്നാണ് ആരോപണം. അത്  നിലത്തുവീണ് തകർന്നപ്പോൾ തീ അണഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാലെ സത്യമൂർത്തി കത്തി പുറത്തെടുത്ത് കുത്താൻ ശ്രമിച്ചെന്നും ആക്രമണത്തിന് ഇരയായ വ്യക്തി രക്ഷപ്പെട്ടെന്നും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. കുത്താൻ ശ്രമിച്ചത് ഒരു വിദ്യാർഥിയെയാണെന്ന് UIC അന്നുതന്നെ അറിയിച്ചിരുന്നു.   ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

സംഭവത്തിനു പിന്നാലെ UIC പൊലീസ് സത്യമൂർത്തിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാക്ക്‌പാക്ക് പരിശോധിച്ചപ്പോൾ സമാനമായ രണ്ട് ഉപകരണങ്ങൾ കൂടി കണ്ടെത്തി. കുത്താൻ ശ്രമിച്ചെന്ന
ആരോപണം പരാതിയിലെ  വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും,  ചാർജ് ഷീറ്റിൽ രജിസ്റ്റർ ചെയ്യാത്ത വിനാശകാരിയായ ഉപകരണം കൈവശം വെച്ചുവെന്നതാണ്.

സുരക്ഷാ നടപടികളുടെ ഭാഗമായി നവംബർ 4-ന് സ്റ്റുഡന്റ് സെന്ററിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും അന്നത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തു.  

കുറ്റം തെളിഞ്ഞാൽ പരമാവധി പത്ത് വർഷം വരെ ഫെഡറൽ തടവുശിക്ഷ ലഭിക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക