
കൊച്ചി ചേരാനല്ലൂർ ബെൻസ് കാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, അദ്ദേഹം തട്ടുകട നടത്തിയിരുന്ന അതേ സ്ഥലത്ത് വീണ്ടും കട തുറന്നു. മകൾ ഭദ്രകീർത്തിയും അമ്മ ബിന്ദുവും സഹോദരനും ചേർന്നാണ് ചിറ്റൂരിൽ ഇന്ന് വൈകുന്നേരം തട്ടുകടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു ജയബാലകൃഷ്ണൻ നടത്തിയിരുന്ന ഈ തട്ടുകട. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടത്.
'ഈ കടയിൽ നിന്നാണ് എന്റെ അച്ഛൻ ഞങ്ങളെ ഇത്രയുമാക്കിയത്. എനിക്കിതിൽ പുതുമയൊന്നുമില്ല. അച്ഛന്റെ പാത പിന്തുടരുമ്പോൾ സന്തോഷമുണ്ട്. അച്ഛന്റെ ഫുഡിന് കുറെ ഫാൻസുണ്ട്. ദോശമാത്രമേ ഉള്ളൂവെങ്കിലും കുറേ ഫാൻസുണ്ട്. കുറേപേർ പൈസ ഇല്ലാത്ത സമയത്തും ഇവിടെ വന്ന് കഴിക്കും. അങ്ങനെ കുറേപേരുണ്ട്' ,ഭദ്രകീർത്തി പറഞ്ഞു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്നും, ഇത് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.