Image

ബിജെപിയായി ചാപ്പ കുത്തരുത്, സിസ തോമസിന്റേത് അടിയുറച്ച കോണ്‍ഗ്രസ് കുടുംബമെന്ന് ഷിബു ബേബി ജോണ്‍

Published on 16 November, 2026
ബിജെപിയായി ചാപ്പ കുത്തരുത്, സിസ തോമസിന്റേത് അടിയുറച്ച കോണ്‍ഗ്രസ് കുടുംബമെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. അവര്‍ ബിജെപിയല്ലെന്നും അടിയുറച്ച കോണ്‍ഗ്രസ് കുടുംബമാണ് അവരുടെതെന്നും മന്ത്രി പറഞ്ഞു. സിസ തോമസിന്റെ ഭര്‍ത്താവ് തന്റെ സഹപാഠിയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആര്‍എസ്പി യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതിലും മന്ത്രി ഷിബു ബേബി വിമര്‍ശനം ഉന്നയിച്ചു. യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതില്‍ ആര്‍എസ്പിക്കുള്ള പങ്ക് വിസ്മരിക്കാന്‍ ആവില്ലെന്നും താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡ് കോര്‍പ്പറഷേന്‍ നിയനവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. 'ഞാന്‍ പാര്‍ട്ടിയുടെ സെക്രട്ടറിയും മന്ത്രിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരുകുറ്റബോധമുണ്ട് സഖാക്കളെ കാണുമ്പോള്‍. അവര്‍ മുഖത്ത് നോക്കി ചോദിച്ചില്ലെങ്കിലും താന്‍ മാത്രം മന്ത്രിയായിരുന്നാല്‍ മതിയോ?. ഞങ്ങളൊക്കെ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോയെന്ന് അവര്‍ ചോദിക്കില്ലേ?. ബോര്‍ഡ് - കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം. ഒരിക്കല്‍ പോലും യുഡിഎഫില്‍ അമിതമായി അവകാശവാദം ഉന്നയിക്കുന്ന പ്രസ്ഥാനമല്ല ആര്‍എസ്പി. അതുകൊണ്ടുതന്നെ അതിനനുയോജ്യമായ ഒരു മാന്യത എല്ലാകാര്യങ്ങളിലും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' - ഷിബു ബേബി ജോണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക