
എരുമേലി: കൊല്ലമുളയില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം വ്യാജമെന്ന് വെച്ചൂച്ചിറ പൊലിസ്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓമ്‌നി വാനിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെട്ടെന്നുമാണ് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചത്.
കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടതോടെ ആശങ്കയിലായ വീട്ടുകാര്‍ വെച്ചൂച്ചിറ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുവന്നത്.
സ്‌കൂളില്‍ പോകാന്‍ മടിയായതിനാലാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതായി കഥ മെനഞ്ഞതെന്ന് പെണ്‍കുട്ടി പൊലിസിനോട് സമ്മതിക്കുകയായിരുന്നു. ഏതാനം ദിവസങ്ങള്‍ക്കു മുന്പ് വെച്ചൂച്ചിറയിലും സമാന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.