
വാഷിംഗ്ടൺ: അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ ടാക്സിവേയിൽ നീങ്ങുന്നതിനിടെ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.15ഓടെയായിരുന്നു സംഭവം.
പനാമ സിറ്റിയിൽനിന്ന് 166 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ കോപ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിന്റെ ചിറകിന്റെ അറ്റം യുപിഎസ് കാർഗോ വിമാനമായ ബോയിങ് 767ന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റതായി കോപ എയർലൈൻസ് അറിയിച്ചു. ഇവർക്ക് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി. പരിക്കുകൾ നിസാരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. മറ്റ് യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനം ടെർമിനലിൽ എത്തിയശേഷം എല്ലാവരും പുറത്തിറങ്ങിയെന്നും കമ്പനി വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കോപ എയർലൈൻസ് അറിയിച്ചു.
അതേസമയം, അമേരിക്കയിലെ വിമാനഗതാഗതം പ്രതിസന്ധിയിൽ തുടരുകയാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വെള്ളിയാഴ്ച രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട നിയന്ത്രണം രാജ്യത്തെ വിമാനത്താവളങ്ങളിൽ വൻ യാത്രാക്ലേശത്തിന് ഇടയാക്കി.
വിമാന നിരീക്ഷണ വെബ്സൈറ്റായ ഫ്ലൈറ്റ് അവെയർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ച വൈകിട്ട് 6.45ഓടെ (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.15) അമേരിക്കയിൽ 6,150ലധികം വിമാനങ്ങൾ റദ്ദാക്കുകയും 7,300ലധികം സർവീസുകൾ വൈകുകയും ചെയ്തു. വെള്ളിയാഴ്ച മാത്രം 9,200ഓളം വിമാനങ്ങൾ റദ്ദാക്കുകയും 7,500ഓളം സർവീസുകൾ വൈകുകയും ചെയ്തിരുന്നു. ഞായറാഴ്ചത്തേക്കുള്ള 530ലധികം സർവീസുകളും ശനിയാഴ്ച വൈകിട്ടോടെ റദ്ദാക്കിയിരുന്നു.
വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ ഞായറാഴ്ച വൈകിട്ടുവരെ കാത്തിരിക്കേണ്ടിവരുമെന്ന് എഫ്എഎ മേധാവി ബ്രയാൻ ബെഡ്ഫോർഡ് അറിയിച്ചു. യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും വ്യോമഗതാഗത സംവിധാനം സുരക്ഷിതമാണെന്ന് ഉറപ്പുനൽകുകയും ചെയ്തു.
പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം വിമാനങ്ങൾ, പൈലറ്റുമാർ, മറ്റ് ജീവനക്കാർ എന്നിവരെ പുനഃക്രമീകരിക്കുന്നതും വിമാനക്കമ്പനികൾക്ക് വെല്ലുവിളിയായിട്ടുണ്ട്.
എഫ്എഎയുടെ സാങ്കേതിക സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. സൈബർ ആക്രമണമാണോ തകരാറിന് പിന്നിലെന്നും അധികൃതർ ആദ്യം പരിശോധിച്ചിരുന്നു. എന്നാൽ, എഫ്എഎയുടെ കരാർ സ്ഥാപനമായ എൽ3ഹാരിസ് വിദൂര കേന്ദ്രത്തിൽ കുറഞ്ഞത് ഒരു പുതിയ റൂട്ടറെങ്കിലും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി പിന്നീട് വ്യക്തമാക്കി.
വിമാനഗതാഗത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ അടിയന്തര യോഗവും ചേർന്നിരുന്നു.