
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ എഐ വീഡിയോയാണ് തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇത് വിശ്വസിച്ച് വീഡിയോയ്ക്കൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നടുവണ്ണൂര്‍ സ്വദേശി തട്ടിപ്പുകാരുടെ വലയിലായത്. 2025 ജൂണ്‍ ആറിനും നവംബര്‍ നാലിനും ഇടയിലുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ സമയത്തിനകം പരാതിക്കാരന് തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 30 തവണകളായി ആകെ 1.41 കോടി രൂപയാണ് പ്രതികള്‍ക്ക് കൈമാറിയത്.
നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതെന്ന് പരാതിക്കാരന് പൊലീസിനോട് പറഞ്ഞു.
ഓരോ ഘട്ടത്തിലും മികച്ച ലാഭം വാഗ്ദാനം ചെയ്താണ് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരന് തിരിച്ചറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് റൂറല്‍ സൈബര്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.