
വാഷിംഗ്ടൺ: 2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കത്തിൽനിന്ന് പിന്മാറുന്ന കാര്യം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ട്. നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിയും, മാഗ (MAGA) പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും, പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വാൻസിന്റെ രാഷ്ട്രീയനീക്കങ്ങളെ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
സിഎൻഎൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന റിപ്പോർട്ടിൽ, വാൻസിനോട് അടുത്ത ബന്ധമുള്ളവരും ഉപദേശകരുമടക്കം പന്ത്രണ്ടോളം പേരുമായി നടത്തിയ സംഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിലെ അനിശ്ചിതത്വം വെളിപ്പെടുത്തുന്നത്. 2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത അദ്ദേഹം പൂർണമായി തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരിക്കുന്നത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
'അദ്ദേഹം എന്തു തീരുമാനമെടുത്താലും അതിൽ അത്ഭുതപ്പെടാനില്ല. അദ്ദേഹത്തിന് ഇപ്പോൾ 42 വയസ്സ് മാത്രമാണ്. രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെങ്കിൽ പിന്നീട് തിരിച്ചുവരാൻ മതിയായ സമയമുണ്ട്. ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ സമയമായിരിക്കില്ല', വാൻസിനോട് അടുത്ത വൃത്തത്തെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള യുദ്ധമാണ് വാൻസിന്റെ പ്രസിഡന്റ് മോഹങ്ങൾക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നായി വിലയിരുത്തപ്പെടുന്നത്. യുദ്ധം തുടരുകയാണെങ്കിൽ 2028ൽ ഏതൊരു റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും വിജയസാധ്യത കുറയുമെന്നാണ് അദ്ദേഹത്തിന്റെ ചില അനുയായികളുടെ വിലയിരുത്തൽ.
ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എക്സിൽ വാൻസ് നടത്തിയ പ്രതികരണവും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പ്രധാന കാരണം ഇറാൻ യുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണകൂടത്തിന്റെ മുൻഗണനകൾ പുനഃപരിശോധിക്കണമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ ശ്രദ്ധ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇറാനെതിരായ സൈനിക നടപടിയെ പരസ്യമായി ന്യായീകരിക്കാത്ത വാൻസിന്റെ നിലപാട് ഡോണൾഡ് ട്രംപിനെ അസ്വസ്ഥനാക്കിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വാൻസിന്റെ പ്രസ്താവനയ്ക്ക് മുമ്പ് അദ്ദേഹത്തിന് സൈനിക നടപടികളെക്കുറിച്ച് വിശദീകരണം നൽകിയിരുന്നെങ്കിലും പരസ്യമായി പിന്തുണയ്ക്കാൻ അദ്ദേഹം തയ്യാറായില്ലെന്നായിരുന്നു ട്രംപിന്റെ അതൃപ്തി. തുടർന്ന് ഇറാൻ ചർച്ചകളിൽനിന്ന് വാൻസിനെ ഒഴിവാക്കി ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും കുറ്റകൃത്യങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ട്രംപ് നിർദേശിച്ചതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി റിപ്പബ്ലിക്കൻ പാർട്ടിയിൽ മറ്റു നേതാക്കളും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക്സസ് സെനറ്റർ ടെഡ് ക്രൂസ്, ജോർജിയ ഗവർണർ ബ്രയാൻ കെംപ് എന്നിവരുടെ പേരുകളാണ് സാധ്യതയുള്ള സ്ഥാനാർഥികളായി ഉയരുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി വാൻസിന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകരുതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. യാഥാസ്ഥിതിക സംഘടനയായ അമേരിക്കൻ പ്രിൻസിപ്പിൾസ് പ്രോജക്ടിന്റെ പ്രസിഡന്റ് ടെറി ഷില്ലിങ്, റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ വാൻസിന് ഇപ്പോഴും മികച്ച വിജയസാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. പാർട്ടിയെ നയിക്കാനുള്ള ഒരുക്കത്തിലാണ് വാൻസെന്നും അദ്ദേഹം മത്സരിക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും ഷില്ലിങ് പറഞ്ഞു.
എന്നാൽ മാഗ പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നിരീക്ഷകൻ റിച്ച് ബാരിസ് കൂടുതൽ വിമർശനാത്മകമായ നിലപാടാണ് സ്വീകരിച്ചത്. 'മാഗ മരിച്ചുകഴിഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വന്തം വോട്ടർമാരിൽ ഒരു വിഭാഗത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചുപിടിക്കുക വാൻസിന് വലിയ വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാൻസിന്റെ സ്ഥാനാർഥിത്വത്തിന് ആവശ്യമായ സാമ്പത്തികവും സംഘടനാപരവുമായ പിന്തുണ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇലോൺ മസ്ക്, പേപാൽ സഹസ്ഥാപകൻ പീറ്റർ തീൽ തുടങ്ങിയ സമ്പന്നരായ പിന്തുണക്കാർ അദ്ദേഹത്തിന്റെ പ്രചാരണത്തിന് സഹായകമാകുമെന്നാണ് അനുയായികളുടെ പ്രതീക്ഷ.
വാൻസുമായി അടുപ്പമുള്ള ദാതാക്കളുടെ കൂട്ടായ്മയായ റോക്ക്ബ്രിഡ്ജ് നെറ്റ്വർക്ക് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഈയാഴ്ച ഹ്യൂസ്റ്റണിൽ യോഗം ചേർന്നതായും റിപ്പോർട്ടുണ്ട്.
ഭാര്യ ഉഷയ്ക്കൊപ്പം ഈ വർഷം നാലാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത വാൻസ്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 2028ലെ തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നീക്കങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ തീരുമാനം അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.