
യുഎസ് വ്യോമഗതാഗതം ശനിയാഴ്ചയും പഴയ നിലയിൽ എത്തിയില്ല. വെള്ളിയാഴ്ച്ച ഉണ്ടായ സ്തംഭനത്തെ തുടർന്നു ഫ്ലൈറ്റുകൾ വീണ്ടും ആരംഭിച്ചെങ്കിലും മില്യൺ കണക്കിനു യാത്രക്കാരെ ദുരിതത്തിലാക്കി ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നത് ശനിയാഴ്ചയും തുടർന്നു.
കോൺട്രാക്ടർമാരുടെ കാര്യക്ഷമത ഇല്ലായ്മയാണോ എയർ ട്രാഫിക് കൺട്രോൾ സ്തംഭനത്തിലേക്കു നയിച്ചതെന്നു അന്വേഷിക്കുന്നുണ്ടെന്നു യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. റൗട്ടറുകൾ കാലപ്പഴക്കം കൊണ്ട് പ്രവർത്തിക്കാതെ വന്നതാണോ എന്ന അന്വേഷണത്തിനു പുറമെയാണിത്.
സൈബർ ആക്രമണം ഉണ്ടായിട്ടില്ലെന്നു അദ്ദേഹം ആവർത്തിച്ചു. കോപ്പർ വയറിംഗ് മാറ്റി ഫൈബർ ആക്കിയപ്പോൾ മാറ്റിക്കൊണ്ടിരുന്ന ഒരു റൗട്ടറിൽ നിന്നു മറ്റു റൗട്ടറുകളിലേക്കു ഡാറ്റ അമിതമായി പ്രവഹിച്ചതാണ് പ്രശ്നമായതെന്ന് അദ്ദേഹം പറഞ്ഞു.
പിഴവ് കണ്ടെത്തിയ ഉടൻ അത് തിരുത്താൻ കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷ പരാമപ്രധാനമാണെന്നു ഡഫി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച വൈകുന്നേരത്തോടെ ഫ്ലൈറ്റുകൾ സാധാരണ ഗതിയിലാവുമെന്ന് എഫ് എ എ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡ് പറഞ്ഞു. യാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കാം.
പണം ഏറെയുണ്ടല്ലോ എന്നു ഡെമോക്രാറ്റുകൾ
എയർ ട്രാഫിക് ടെലികോം സൗകര്യങ്ങൾ പഴഞ്ചനായതു കൊണ്ട് അവ പുതുക്കാൻ $50 ബില്യൺ നൽകണമെന്നു കോൺഗ്രസിനോട് ഡഫി ആവശ്യപ്പെട്ടിരുന്നു. നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള കോൺഗ്രസ് പിരിയുന്നതിനു മുൻപ് അതിനുള്ള നിയമനിർമാണം നടത്തുമെന്നു സ്പീക്കർ മൈക്ക് ജോൺസൺ പ്രഖ്യാപിച്ചു.
എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ കൈയ്യിൽ വേണ്ടത്ര പണമുണ്ടല്ലോ എന്നു ഡെമോക്രാറ്റുകൾ പറഞ്ഞു. അവർ ആ പണം കുടിയേറ്റക്കാരെ വേട്ടയാടാൻ വാരി എറിയുകയാണ്.
ഭരണകൂടത്തിന്റെ പരാജയങ്ങളെ കുറിച്ചു കോൺഗ്രസ് അന്വേഷണം ആരംഭിക്കേണ്ടതാണെന്നു അവർ ചൂണ്ടിക്കാട്ടി. എയർ ട്രാഫിക് സിസ്റ്റം മെച്ചപ്പെടുത്താൻ $12.5 ബില്യൺ നൽകിയിരുന്നു.
ഡഫിയുടെ ആവശ്യം അമ്പരപ്പിക്കുന്നു എന്നു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി ഐസിനു ബില്യണുകൾ നൽകാൻ മടിച്ചിട്ടില്ല.
ട്രംപ് ഭരണകൂടത്തിന്റെ പരാജയമാണ് വീണ്ടും കണ്ടതെന്നു ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരുടെ മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് അവർ ശ്രമിക്കുന്നത്.
വ്യോമഗതാഗത സ്തംഭനത്തെ കുറിച്ചു സമഗ്രമായ കോൺഗ്രസ് അന്വേഷണം ഡെമോക്രാറ്റുകൾ വാഗ്ദാനം ചെയ്തു.
Flights not yet normal, Duffy cites incompetence