
ഭോപാൽ: ദീപാവലി ആഘോഷങ്ങൾക്കിടെ സുഹൃത്ത് രസഗുളയാണെന്ന് പറഞ്ഞ് വായിൽ വെച്ചുനൽകിയ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 35കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിലെ ചന്ത ഗ്രാമവാസിയായ രാജേന്ദ്ര ബറൗട്ടിയ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പദാരിയ ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഗ്രാമവാസികൾക്കൊപ്പം തീ കായുന്നതിനിടെ തമാശരൂപേണയാണ് സുഹൃത്തായ രാം ഭഗത് ബറോട്ടിയ, രസഗുളയുടെ ആകൃതിയിലുള്ള ബോംബ് രാജേന്ദ്രയുടെ വായിൽ വെച്ചുകൊടുത്തത്. മധുരപലഹാരമാണെന്ന് കരുതി കടിച്ചയുടൻ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടൻതന്നെ ദിൻഡോരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ രാം ഭഗതിനെതിരെ നരഹത്യ, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. കാട്ടുപന്നികളെ വേട്ടയാടാനായി മാവിനുള്ളിൽ വെടിമരുന്ന് നിറച്ച് പ്രാദേശികമായി നിർമ്മിക്കുന്ന ബോംബാണ് അപകടത്തിനിടയാക്കിയത്. ഒരു കുട്ടിയാണ് തനിക്ക് ഇത് നൽകിയതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെയും കസ്റ്റഡിയിലെടുത്ത പൊലീസ്, സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.