
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധമുള്ള ബാലഗോകുലം പ്രസിദ്ധീകരണമായ 'മയില്‍പ്പീലി'യുടെ ബാനറില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കം വിവാദമായതോടെ പരീക്ഷ നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉത്തരവിട്ടു. മന്ത്രി അറിയാതെ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് 'യങ് സ്‌കോളര്‍ എക്‌സാം' എന്ന പേരില്‍ പരീക്ഷ സംഘടിപ്പിക്കാന്‍ ദേശീയ അധ്യാപക പരിഷത്തിന് അനുമതി നല്‍കിയത്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും, നയപരമായ കാര്യങ്ങള്‍ പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തതില്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടുമെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍ സ്‌കൂളുകളില്‍ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്. മുന്‍പ് ആരോഗ്യ, എക്‌സൈസ് വകുപ്പുകളിലും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിലും സമാനമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും വിദ്യാര്‍ഥി സംഘടനകളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. യുഡിഎഫ് ഭരണത്തില്‍ സംഘപരിവാര്‍ അജണ്ടകള്‍ ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കുകയാണെന്ന് വി.കെ. സനോജ് എംഎല്‍എ ആരോപിച്ചു. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ലീഗ് ഹൗസില്‍ സി.എച്ചിന്റെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം വെക്കേണ്ടി വരുമെന്ന് എസ്എഫ്‌ഐയും പരിഹസിച്ചു.