
കൊച്ചി: കൊച്ചിയിലെ വഴിയോര ഭക്ഷണശാലയില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നതിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട രാജസ്ഥാന്‍ സ്വദേശിക്ക് രസകരവും രൂക്ഷവുമായ മറുപടിയുമായി മലയാളികള്‍. സഞ്ജയ് ശര്‍മ എന്ന യുവാവാണ് കേരളത്തിലെ ബീഫ് വില്‍പ്പനയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചത്. യാതൊരു മറയുമില്ലാതെ ബീഫ് വില്‍ക്കുന്ന കാഴ്ച വേദനാജനകമാണെന്നും രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
പോസ്റ്റ് വൈറലായതോടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി നിരവധി മലയാളികളാണ് കമന്റ് ബോക്‌സില്‍ എത്തിയത്. കേരളത്തില്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മലയാളികള്‍ക്കാണെന്നും മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും പലരും വ്യക്തമാക്കി. ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, കപ്പയും ബീഫും തുടങ്ങി കേരളത്തിലെ വിവിധ ബീഫ് വിഭവങ്ങളുടെ പേരുകള്‍ നിരത്തിയും ബീഫ് കറി തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പുകള്‍ പങ്കുവെച്ചുമാണ് ഒരു വിഭാഗം ട്രോളുകളിലൂടെ പ്രതികരിച്ചത്.
കഴിഞ്ഞ മാസം ഫോര്‍ട്ട് കൊച്ചിയിലെ കഫേയില്‍ ബീഫ് വിളമ്പുന്നതിനെതിരെ വീഡിയോ പങ്കുവെച്ച 'ലിട്ടി ചോഖ' എന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ കൊച്ചിയിലെ ഭക്ഷണശാലയെ ലക്ഷ്യമിട്ട് പുതിയ പോസ്റ്റും വന്നിരിക്കുന്നത്. കേരളത്തിന്റെ ഭക്ഷണസംസ്‌കാരത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാനുള്ള ശ്രമമായാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.