
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്. 34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. ചൂരല്‍മല ടൗണില്‍ പാലത്തിന്റെ പ്രാരംഭഘട്ടമായ പൈലിങ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
ചൂരല്‍മല ടൗണില്‍ നിന്ന് ആരംഭിച്ച് മറുകരയില്‍ അട്ടമല-മുണ്ടക്കൈ റോഡുകള്‍ കൂടിച്ചേരുന്ന ഭാഗത്താണ് പാലം അവസാനിക്കുക. ഗര്‍ഡറുകള്‍ പരസ്പരം ചേര്‍ത്തുള്ള 'ബോസ്ട്രിങ്' മാതൃകയിലാണ് നിര്‍മാണം. പുഴയ്ക്ക് മുകളില്‍ 107 മീറ്ററും ഇരു കരകളിലുമായി 80 മീറ്റര്‍ വീതവും നീളമുണ്ടാകും. ഭാവിയിലെ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ പുഴയിലേക്ക് തൂണുകള്‍ ഇല്ലാത്ത രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദുരന്തസമയത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ജലനിരപ്പ് തിട്ടപ്പെടുത്തി അതിനേക്കാള്‍ ഉയരത്തിലാണ് പാലം നിര്‍മിക്കുന്നത്. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റര്‍ നീളത്തില്‍ അനുബന്ധ ഭാഗങ്ങള്‍ പണിയുന്നത്. നാല് വര്‍ഷം കൊണ്ട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.