Image

ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍; മുസ്ലിം ലീഗില്‍ അതൃപ്തി പുകയുന്നു, പി.എം.എ. സലാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ പദവികള്‍

Published on 14 November, 2026
ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍; മുസ്ലിം ലീഗില്‍ അതൃപ്തി പുകയുന്നു, പി.എം.എ. സലാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ പദവികള്‍

മലപ്പുറം: യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗിന് അനുവദിച്ച 35-ലധികം ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഒരു വിഭാഗം നേതാക്കളും അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങളിലും സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ തഴഞ്ഞെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് ഷാഫി ചാലിയം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

​അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന നിയമന പട്ടികയില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ഇടംപിടിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്) ചെയര്‍മാനായും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ശ്യാംസുന്ദറിനെ കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎംഡെല്‍) ചെയര്‍മാനായും ടി.എം. സലീമിനെ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) തലപ്പത്തേക്കും നിശ്ചയിച്ചു. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദിനെ സിഡ്‌കോ ചെയര്‍മാനായും പരിഗണിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദും പട്ടികയിലുണ്ട്.

​ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ധാരണപ്രകാരമാണ് ലീഗിന് ലഭിച്ച സ്ഥാനങ്ങള്‍ വീതംവെക്കുന്നത്. നേരത്തെ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. റൂറല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (ആര്‍ഇഡബ്ല്യുഎസ്) ചെയര്‍മാനായി വയനാട് ജില്ലാ ഭാരവാഹി യഹ്യാഖാന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. ശേഷിക്കുന്ന പദവികളില്‍ യൂത്ത് ലീഗ്, വനിതാ ലീഗ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിനിധികളെയും പരിഗണിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറങ്ങുന്ന മുറയ്ക്ക് പുതിയ അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക