
വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി വിസാ വിഭാഗങ്ങളുടെ എണ്ണം 13-ൽ നിന്ന് ഒൻപതായി കുറച്ച് കേന്ദ്ര സർക്കാർ. ഉപവിഭാഗങ്ങളുടെ എണ്ണം 49-ൽ നിന്ന് 23 ആയും ചുരുക്കിയിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾ, ഇന്ത്യൻ വംശജർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം പുതിയ പരിഷ്കാരം പ്രയോജനപ്പെടും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് (എംഎച്ച്എ) വിസാ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2025 ഒക്ടോബറിൽ വിസാ വിഭാഗങ്ങളുടെ എണ്ണം 22-ൽ നിന്ന് 13 ആയി കുറച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും പുനഃക്രമീകരണം നടപ്പാക്കിയിരിക്കുന്നത്. വിസാ നടപടികൾ കൂടുതൽ സുതാര്യവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ മാറ്റങ്ങളിലൊന്ന് ഇന്ത്യൻ വംശജരെയും അവരുടെ ജീവിതപങ്കാളികളെയും മക്കളെയും മിസലേനിയസ് വിസാ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ്. ദീർഘകാല വിസയുള്ള വിദേശ പൗരന്മാരുടെ ആശ്രിതർക്കും മറ്റ് എട്ട് പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടാത്ത പ്രത്യേക ആവശ്യങ്ങൾക്കുമായി ഈ വിസ അനുവദിക്കും.
ടൂറിസ്റ്റ് വിസയുടെ പേര് വിസിറ്റർ വിസ എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിനെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 30 ദിവസത്തെ കാലാവധിയും ഒന്നിലധികം തവണ പ്രവേശനാനുമതിയുമുള്ള V-1 വിസ ഹ്രസ്വ സന്ദർശനങ്ങൾ, ബിസിനസ് കൂടിക്കാഴ്ചകൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, വെൽനസ് ചികിത്സകൾ, ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല കോഴ്സുകൾ എന്നിവയ്ക്കായി അനുവദിക്കും. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്ന്, അഞ്ച്, പത്ത് വർഷം കാലാവധിയുള്ള V-2 വിസ പർവതാരോഹണത്തിനും ലഭ്യമാകും.
പരമ്പരാഗത ചികിത്സകൾക്കും ആയുഷ് ചികിത്സകൾക്കുമായി പ്രത്യേക മെഡിക്കൽ വിസാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കും അവരെ അനുഗമിക്കുന്നവർക്കും സാധാരണയായി ഒരു വർഷത്തെ കാലാവധിയുള്ള, ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ അനുവദിക്കും. ഇതുവഴി തുടർചികിത്സകൾക്കും പരിശോധനകൾക്കുമായി ഇന്ത്യയിലേക്ക് വീണ്ടും വരുന്നത് എളുപ്പമാകും.
വിദ്യാഭ്യാസ വിസകളെ സ്കൂൾ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ രണ്ട് വിഭാഗങ്ങളിലായി ഏകീകരിച്ചു. ഗവേഷകർ, വിസിറ്റിങ് അധ്യാപകർ, ഇന്റേൺഷിപ്പ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. 'സ്റ്റഡി ഇൻ ഇന്ത്യ' പോർട്ടൽ വഴി പ്രവേശനം നേടുന്ന അർഹരായ വിദ്യാർഥികൾക്ക് കോഴ്സിന്റെ കാലാവധി അല്ലെങ്കിൽ പരമാവധി അഞ്ച് വർഷം വരെ കാലാവധിയുള്ള ഇ-വിസ ലഭിക്കും.
ബിസിനസ് വിസകളെയും ദീർഘകാല, ഹ്രസ്വകാല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വ്യാവസായിക പദ്ധതികൾക്കും സാങ്കേതികവിദ്യാ കൈമാറ്റത്തിനും പിന്തുണ നൽകുന്ന വിദേശ സാങ്കേതിക വിദഗ്ധർക്കും പുതിയ സംവിധാനത്തിൽ പ്രത്യേക പരിഗണനയുണ്ട്.
വിസാ അപേക്ഷാ ഫോമുകളിലെ വിവരങ്ങൾ പൂരിപ്പിക്കേണ്ട മേഖലകളുടെ എണ്ണത്തിലും 65 മുതൽ 70 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ വിസാ സംവിധാനത്തിനനുസരിച്ച് വിവരസാങ്കേതിക സംവിധാനങ്ങൾ നവീകരിച്ചുവരികയാണെന്നും 2026 അവസാനത്തോടെ പുതിയ രീതിയിലുള്ള വിസകൾ അനുവദിച്ചുതുടങ്ങുമെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് 13 ഉപവിഭാഗങ്ങളിലായി ഇന്ത്യ ഇ-വിസാ സൗകര്യം നൽകുന്നുണ്ട്.