
കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ചാണെന്ന് ഹൈക്കോടതി. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാൽ ഇക്കാര്യം നേരിട്ട് കാണാനാകുമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, എല്ലാ ചായക്കടകളിലും ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്നല്ല പറയുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആദ്യം ചായക്കടകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപ്പന തടയണമെന്നും അതിനുശേഷം ബാറുകളുടെ കാര്യത്തിലേക്ക് കടക്കാമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. തൂഫാൻ പരിശോധനയിൽ എത്ര ചായക്കടകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു.
രാത്രി 12 മണിക്ക് ശേഷമാണ് ലഹരിവസ്തുക്കൾ എത്തുന്നതെന്ന വാദം ശരിയല്ലെന്നും അതിനുമുമ്പും ലഹരിവസ്തുക്കൾ എത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിജെ പാർട്ടികൾക്ക് അനുമതി നൽകാനാവില്ലെന്ന് പൊലീസിന് ഏകപക്ഷീയമായി പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ബാറുകൾ പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിച്ചാൽ ലഹരി ഉപയോഗിക്കുന്നവർ അവിടേക്ക് എത്താൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.