
ഇറാനുമായി നേരിട്ടു ചർച്ച നടത്താൻ ശ്രമം നടത്തുന്ന വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ അതിൽ നിന്നു പിൻവലിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ഭരണമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന തട്ടിപ്പുകൾ അന്വേഷിക്കുന്ന ചുമതലയാണ് പകരം വാൻസിനെ ഏൽപ്പിക്കുന്നത്.
"നമുക്ക് ഇറാനുമായി കരാറൊന്നും ആവശ്യമില്ല," ട്രംപ് പറഞ്ഞു. "ആ കാലമൊക്കെ പണ്ടേ കഴിഞ്ഞു."
ജൂണിൽ വാൻസ് മുൻകൈയെടുത്തു ഇറാനുമായി ഉണ്ടാക്കിയ ധാരണാപത്രം ഒപ്പുവച്ചതു മണ്ടത്തരമായെന്ന് ട്രംപ് കരുതുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തിക ഉപരോധം കൊണ്ട് ഇറാനെ കീഴടക്കാമെന്നു അദ്ദേഹം കരുതുന്നു എന്നു സെക്രട്ടറി ഓഫ് സ്റേറ് മാർക്കോ റുബിയോ പറഞ്ഞിരുന്നു.
ഇറാനുമായി സംസാരിക്കാൻ ഏപ്രിലിൽ വാൻസിനെ ചുമതലപ്പെടുത്തിയത് ട്രംപ് തന്നെയാണ്. വാൻസ് പാക്കിസ്ഥാനിൽ പോയി ഇറാൻ നേതാക്കളെ കണ്ടു. നീണ്ട ചർച്ച ഫലം കണ്ടില്ല. അടുത്തിടെ നേരിട്ടു സംസാരിക്കാൻ താല്പര്യം അറിയിച്ചു ഇറാൻ സെക്യൂരിറ്റി മേധാവി മൊഹ്‌സിൻ റേസായിക്ക് കത്തയച്ചതും ട്രംപ് പറഞ്ഞിട്ടു തന്നെ.
ഇപ്പോൾ അതെല്ലാം ഉപേക്ഷിച്ചെന്നു ട്രംപ് പറയുന്നു. "യുഎസിൽ ഉടനീളം ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലും സംസ്ഥാനങ്ങളിലും നടക്കുന്ന ഭീമമായ അഴിമതിയും കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ ഞാൻ വൈസ് പ്രസിഡന്റ് വാൻസിനെ ചുമതലപ്പെടുത്തുകയാണ്," ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
തട്ടിപ്പു നടക്കുന്നത് എവിടെ
മിനസോട്ടയിൽ തട്ടിപ്പു നടന്നു എന്ന അന്വേഷത്തിനൊടുവിൽ ഏതാനും പേരെ അറസ്റ്റ് ചെയ്തതൊഴികെ ഡെമോക്രാറ്റുകൾ ഭരിക്കുന്ന മറ്റെവിടെയെങ്കിലും ട്രംപ് പറയുന്നതു പോലുള്ള കുറ്റങ്ങൾ നടന്നതായി ഫെഡറൽ ഡാറ്റ പോലും തെളിയിക്കുന്നില്ലെന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടി. തന്നെയല്ല, തട്ടിപ്പു കേസുകളിൽ കുറ്റവാളികൾ എന്നു കണ്ടെത്തിയ 70 പേർക്കു ട്രംപ് മാപ്പു നൽകിയിരുന്നു.
ഇറാൻ ചർച്ചകളിൽ നിന്നു പിൻവലിക്കപ്പെട്ട വാൻസ് താങ്ക്സ്ഗിവിങ് വാരത്തിൽ നടത്താനിരുന്ന കരീബിയൻ-സൗത്ത് അമേരിക്കൻ യാത്രകളും റദ്ദായിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുള്ള വാൻസിന്റെ യാത്ര റദ്ദായി. തിങ്കളാഴ്ച്ചയാണ് അർജന്റീന, കൊളംബിയ, ചിലി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ റദ്ദാക്കിയത്.
അവിടെയെല്ലാം ട്രംപിനെ അനുകൂലിക്കുന്ന വലതുപക്ഷ ഭരണകൂടങ്ങളാണ് ഉള്ളത്.
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി മൂക്കുകുത്തിയപ്പോൾ അതിനു കാരണം ഇറാൻ യുദ്ധമാണെന്നു വാൻസ് തുറന്നെഴുതിയിരുന്നു. "അത് നന്നായെന്നു തോന്നുന്നുവെങ്കിൽ ആറു വർഷത്തേക്കു സെനറ്റ് നഷ്ടമായതും നല്ലതു തന്നെ എന്ന് ചിന്തിക്കാം."
Trump takes Veep out of Iran talks, assigns fraud probe