
വാഷിംഗ്ടണിൽ വൈറ്റ് ഹൗസിനു ഒരു മൈൽ അകലെ വ്യാഴാഴ്ച്ച നടന്ന വെടിവയ്പ്പിൽ പ്രതി സമ്പന്നനായ ഡോക്ടർ ആണെന്നു വെളിപ്പെടുത്തൽ. താമസിക്കുന്ന $1.1 മില്യൺ പെന്റ്ഹൗസിൽ ഫങ്കസ് നീക്കാത്തതിനു മാനേജറെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ച ഡോക്ടർ മാറ്റ് ലാംബർട്ട് (55) എമർജൻസി റൂം ഫിസിഷ്യനായിരുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണം ആയിരുന്നുവെന്നു പോലീസ് പറയുന്നുണ്ട്. ലോഗൻ സർക്കിളിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലുളള ജിമ്മിൽ വ്യാഴാഴ്ച്ച രാവിലെ ആയിരുന്നു മാനേജർ ജെയിംസ് സ്റ്റുവാർട്ടിനും (46) മറ്റു നാലു പേർക്കും വെടിയേറ്റത്.
വീടിന്റെ ചുമരിലെ ഫങ്കസ് അപകടകരമായ ആരോഗ്യ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയാണ് അത് നീക്കം ചെയ്യാൻ ഡോക്ടർ ആവശ്യപ്പെട്ടത്. അതേച്ചൊല്ലി സ്‌റ്റുവാർട്ടുമായി നിരന്തരം കലഹിച്ചിരുന്നുവെന്നു മെട്രോ പോലീസ് ഇടക്കാല മേധാവി ജെഫ്രി കരോൾ പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' അറിയിച്ചു. വെടിയേറ്റ മറ്റുളളവർക്കു ഡോക്ടറുമായി പ്രശ്നം ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല.
ഒരു മണിക്കൂറോളം വീട്ടിൽ അടച്ചിരുന്ന ലാംബർട്ട് ഒടുവിൽ പോലീസുമായി ഏറ്റുമുട്ടേണ്ടി വന്നപ്പോൾ സ്വയം വെടിവച്ചു മരിച്ചു. അതിനു മുൻപ് വീടിനു തീ കൊളുത്തുകയും ചെയ്തു.
അവിവാഹിതനായ ലാംബർട്ട് ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്നു പോലീസ് പറയുന്നു. ഡി സിയിൽ 'ആരും കൊതിക്കുന്ന' കെട്ടിടത്തിൽ ആയിരുന്നു താമസം.
DC shooter was physician