
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 14 ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും അധിക ചുമതലകളിലും മാറ്റംവരുത്തി സർക്കാർ ഉത്തരവിറങ്ങി. സീറാം സാംബശിവറാവുവിനെ മാറ്റിയ ഒഴിവിൽ പുതിയ എക്സൈസ് കമ്മീഷണറായി ഡോ. എസ് കാർത്തികേയന് ചുമതല നൽകി. എം ജി രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകിയപ്പോൾ, ജെറോമിക് ജോർജിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ ഉത്തരവായി. ഡോ. ശർമിള മേരി ജോസഫിന് കെടിഡിഎഫ്സി ചെയർപേഴ്സൺ സ്ഥാനത്തിന്റെ അധിക ചുമതലയും നൽകി.
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് ശ്രീറാം സാംബശിവറാവുവിനെയും കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെയും മാറ്റിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വകുപ്പുകളിൽ ഈ പുനഃസംഘടന ഉണ്ടായിരിക്കുന്നത്.
ഡോ. ശർമിള മേരി ജോസഫ്: ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമിള മേരി ജോസഫിന്, നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി. ഇതോടെ കെറ്റിഡിഎഫ്സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയിൽനിന്ന് ബാലമുരളി ഡിയെ ഒഴിവാക്കി.
എൻ പ്രശാന്ത് ;കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ പ്രശാന്തിന്, നിലവിലെ അധിക ചുമതലയ്ക്ക് പുറമെ മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ പൂർണ അധിക ചുമതല കൈമാറി. ഈ വകുപ്പിന്റെ അധിക ചുമതലയിൽനിന്ന് ഗോപാലകൃഷ്ണനെ ഒഴിവാക്കിയിട്ടുണ്ട്.
എം ജി രാജമാണിക്യം: തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായ എം ജി രാജമാണിക്യത്തിന്, നിലവിലെ അധിക ചുമതലകൾക്ക് പുറമെ ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി.