Image

ചേരാനല്ലൂർ വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

Published on 12 November, 2026
ചേരാനല്ലൂർ വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ, പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലപ്പെട്ട മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) കുടുംബം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ നടപടിയെടുത്തത്. സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേന പ്രതിക്ക് നോട്ടീസ് അയക്കാനും, വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്കും കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത വ്യാഴാഴ്ച (നവംബർ 19) വീണ്ടും പരിഗണിക്കും.

​ഒക്ടോബർ 25-ന് പുലർച്ചെയായിരുന്നു പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാരും കുടുംബവും നൽകിയ അപ്പീലുകൾ കുട്ടികളുടെ കോടതി തള്ളിയതോടെയാണ് ഇരയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് അനാവശ്യമാണെന്നായിരുന്നു കീഴ്ക്കോടതിയുടെ നിരീക്ഷണം.

​പ്രതി സ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 12 പ്രകാരം നീതിന്യായ നിർവഹണത്തെ തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ജാമ്യം നിഷേധിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കേസിൽ കൂട്ടുപ്രതിയും കാറുടമയുമായ പ്രതിയുടെ പിതാവായ ജില്ലാ ജഡ്ജിക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക