
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിന് വീണ്ടും മില്‍മയെ ആശ്രയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അടിയന്തരമായി ആവശ്യപ്പെട്ട 15,000 ലിറ്റര്‍ നെയ്യില്‍ 5,000 ലിറ്റര്‍ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലന്‍സിന്റെ അനുമതി ലഭിച്ചതോടെയാണ് മില്‍മയും ദേവസ്വം ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയത്. കഴിഞ്ഞ വര്‍ഷം നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മില്‍മ സ്വന്തം വാഹനത്തില്‍ നേരിട്ട് പമ്പയിലെത്തിച്ചാണ് നെയ്യ് കൈമാറുക.
ശബരിമലയിലേക്ക് എത്തിക്കേണ്ട മില്‍മ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം ഗുണനിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനില്‍ക്കെയാണ് വീണ്ടും മില്‍മയുമായി കരാറിലേര്‍പ്പെടുന്നത്. നേരത്തെ മില്‍മയെ ഒഴിവാക്കിയാണ് ദേവസ്വം ബോര്‍ഡ് റീടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്തത് നെയ്യ് ക്രമക്കേട് ആരോപണവിധേയനായ തമിഴ്‌നാട്ടിലെ കരാറുകാരനായിരുന്നു. ഇതോടെ റീടെന്‍ഡര്‍ നടപടികള്‍ ബോര്‍ഡ് ഒഴിവാക്കി.
പിന്നീട് വിളിച്ച ടെന്‍ഡറിലും മറ്റാരും പങ്കെടുക്കാതിരുന്നതോടെയാണ് മില്‍മയെ വീണ്ടും ആശ്രയിക്കാന്‍ തീരുമാനിച്ചത്. മുന്‍വര്‍ഷത്തെ ക്രമക്കേട് വിവാദം ആവര്‍ത്തിക്കാതിരിക്കാനാണ് മില്‍മയുടെ സ്വന്തം വാഹനത്തില്‍ നെയ്യ് പമ്പയിലെത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റേതുള്‍പ്പെടെയുള്ള ഗുണനിലവാര പരിശോധനകള്‍ കര്‍ശനമായി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നെയ്യ് കൈമാറുക.
ആകെ 50,000 ലിറ്റര്‍ നെയ്യാണ് ദേവസ്വം ബോര്‍ഡ് മില്‍മയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങള്‍ക്ക് മതിയാകുമോയെന്ന് വിലയിരുത്തിയ ശേഷമേ കൂടുതല്‍ നെയ്യ് വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെടുകയുള്ളൂ. ലിറ്ററിന് 660 രൂപയാണ് മില്‍മ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.