Image

അണ്ണാ ഹസാരെ സമരത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് അജണ്ട; സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് സാറാ ജോസഫും സി.ആർ. നീലകണ്ഠനും

Published on 12 November, 2026
അണ്ണാ ഹസാരെ സമരത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് അജണ്ട; സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് സാറാ ജോസഫും സി.ആർ. നീലകണ്ഠനും

കൊച്ചി: അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച് സോണിയ ഗാന്ധി തന്റെ ആത്മകഥയായ 'ബിലോങ്ങിങ്ങ്: എ ജേര്‍ണി ഓഫ് ലവി'ൽ നടത്തിയ പരാമർശങ്ങളെ പൂർണമായി ശരിവെച്ച് മുൻ ആം ആദ്മി നേതാക്കളായ സാറാ ജോസഫും സി.ആർ. നീലകണ്ഠനും. അന്നത്തെ യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപിയും ആർഎസ്എസും രഹസ്യമായി ആസൂത്രണം ചെയ്ത പ്രക്ഷോഭമായിരുന്നു അതെന്ന് എഴുത്തുകാരിയും ആം ആദ്മി മുൻ സംസ്ഥാന കൺവീനറുമായ സാറാ ജോസഫ് പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തിനായി അണിനിരന്ന ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും വളരെ വൈകിയാണ് ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞതെന്നും, പാർട്ടിക്കുള്ളിലെ പൊള്ളത്തരങ്ങളിൽ മനംമടുത്താണ് താൻ ആം ആദ്മി വിട്ടതെന്നും അവർ വ്യക്തമാക്കി.

​അണ്ണാ ഹസാരെയുടെയും കിരൺ ബേദിയുടെയും ഉദ്ദേശ്യശുദ്ധിയിൽ അന്നേ സംശയമുണ്ടായിരുന്നെങ്കിലും, ആം ആദ്മി പാർട്ടി ബിജെപിയുടെ 'ബി ടീം' ആണെന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്ന് സാറാ ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, യുപിഎ സർക്കാരിനെതിരായ ജനവികാരത്തെ ബിജെപി സമർത്ഥമായി ഉപയോഗിക്കുകയായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനും പ്രതികരിച്ചു. അന്ന് ബിജെപി നേതാക്കൾക്കൊപ്പം ഇടതുപക്ഷ നേതാക്കളും പിന്തുണയുമായി വേദി പങ്കിട്ടിരുന്നതായും, കോൺഗ്രസിനെ പിഴുതെറിഞ്ഞ് ശക്തമായ അടിത്തറയുണ്ടാക്കാൻ ബിജെപി അണ്ണാ ഹസാരെയെ കരുവാക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​അഴിമതി രഹിത ഭാരതം എന്ന ലക്ഷ്യത്തോടെ കൈകോർത്ത പലർക്കും അന്ന് ബിജെപിയുടെ ഗൂഢലക്ഷ്യം മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു. എന്നാൽ ആം ആദ്മി പാർട്ടിയുടെ കടന്നുവരവോടെ അന്ന് ഡൽഹിയിൽ വിജയിക്കാൻ ബിജെപിക്ക് സാധിക്കാതെ പോയെന്നും, നിലവിൽ ബിജെപിയെ പുറത്താക്കാനുള്ള 'ഇന്ത്യ' മുന്നണിയുടെ പോരാട്ടത്തിൽ നിന്ന് ആം ആദ്മി മാറിനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക