Image

പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്തൊഴിച്ചു, തട്ടുകട തകർത്തു

Published on 11 November, 2026
പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്തൊഴിച്ചു, തട്ടുകട തകർത്തു

കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന് യുവാക്കൾ തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും മർദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിൽ നവംബർ 10 ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആലുംമൂട് ജംഗ്ഷനിലെ ‘ടീ മേറ്റ്’ എന്ന കടയിൽ ചായ കുടിക്കാനെത്തിയ രണ്ടുപേരാണ് അക്രമമുണ്ടാക്കിയത്. കടയുടമ നാസിമിന് കുത്തേറ്റു. ജീവനക്കാരൻ മോഹനന് വാരിയെല്ലിന് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.


തട്ടുകടയിലെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവർ ചായയും പരിപ്പുവടയും കഴിച്ച ശേഷം പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്നു പറഞ്ഞ് തട്ടിക്കയറി. പിന്നാലെ കടയിൽ ജോലി ചെയ്തിരുന്ന മോഹനനെ മർദിച്ചു. കടയിലുണ്ടായിരുന്ന തിളച്ച എണ്ണ മോഹനന്റെ മേൽ ഒഴിച്ചു. മോഹനനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ നാസിമിനെ നിയാസ് കത്തി കൊണ്ട് കുത്തി. തുടർന്ന് കടയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർത്തു. മോഹനന് വാരിയെല്ലിന് സാരമായ പരിക്കുണ്ട്. തിളച്ച എണ്ണ വീണ് ശരീരത്താകെ പൊള്ളലേറ്റിട്ടുണ്ട്.


അക്രമം തടയാൻ ശ്രമിച്ച കടയുടമ നാസിമിനെ പ്രതികൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. മാരകായുധമായ വടിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് പരാതിയിൽ പറയുന്നു. തടയാൻ ചെന്ന നാട്ടുകാർ ഉൾപ്പെടെയുള്ളവരെ അക്രമികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മോഹനനെയും നാസിമിനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. കടയിലെ സാധനസാമഗ്രികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക