Image

ആശ്വാസം ; ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്, യാത്രാരേഖകൾ കൈമാറും

Published on 11 November, 2026
ആശ്വാസം ; ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്, യാത്രാരേഖകൾ കൈമാറും

തിരുവനന്തപുരം: യാത്രാരേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശിയും കപ്പൽ ജീവനക്കാരനുമായ അക്ഷയ്ക്ക് സുരക്ഷിതമായി നാട്ടിലെത്താൻ വഴി തുറക്കുന്നു. നാളെ യാത്രാ രേഖകൾ അക്ഷയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്. ഇതോടെ അക്ഷയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങിയെത്താം. 

നേരത്തെ, അക്ഷയ്ക്ക് നാട്ടിലേയ്ക്ക് തിരിച്ചുവരാൻ സൗകര്യമൊരുക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് അടിയന്തര ഇടപെടൽ നടത്തിയിരുന്നു. ദുബായ് - ഇറാൻ സംയുക്ത ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെ 'പാം മറൈൻ' എന്ന കപ്പലിലെ ജീവനക്കാരനാണ് അക്ഷയ്

മുൻപ് കപ്പൽ പാകിസ്ഥാൻ തുറമുഖത്ത് എത്തിയപ്പോൾ പരിശോധനയ്ക്കായി അധികൃതർ വാങ്ങിയ പാസ്‌പോർട്ടും നാവിക തൊഴിൽ രേഖകളും തിരികെ നൽകിയിരുന്നില്ല. തുടർന്ന് കപ്പൽ ഇറാനിലെ ബന്ദർ ലെംഗെയിൽ എത്തിയ ശേഷം ജോലി അവസാനിപ്പിച്ച് (സൈൻ-ഓഫ്) നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്ന വിവരമറിയുന്നത്. ഇതോടെ യാത്രാരേഖകളില്ലാതെ അക്ഷയ് ഇറാനിൽ കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞതിനെത്തുടർന്ന് നോർക്ക പ്രതിനിധികളും ഡൽഹിയിലെ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി ജി. ദേവരാജനും അക്ഷയിനെ ഫോണിൽ ബന്ധപ്പെട്ടു. നിലവിൽ ബന്ദർ ലെംഗെയിലെ ഹോട്ടലിൽ കമ്പനി അക്ഷയ്ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് നാളെ നേരിട്ടെത്താൻ അക്ഷയ്ക്ക് നിർദേശം ലഭിച്ചു. പാസ്‌പോർട്ട് ഇല്ലാത്തതിനാൽ എംബസിയിൽ എത്തുന്നതിനുള്ള സഹായത്തിനായി ഇന്ത്യൻ പ്രതിനിധിയെ അക്ഷയിന്റെ അടുത്തേക്ക് അയക്കും

പാകിസ്ഥാൻ അധികൃതർ പിടിച്ചുവെച്ച 10 പേരുടെ രേഖകളിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരനാണ് അക്ഷയ്. മറ്റുള്ളവരിൽ 3 പേർ ഇറാൻ സ്വദേശികളും 6 പേർ മ്യാൻമർ സ്വദേശികളുമാണ്. വിഷയത്തിൽ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് വനിതാ ശിശുവികസന-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ജി. ദേവരാജന് കത്തുനൽകിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അക്ഷയിനെ തിരികെ എത്തിക്കാൻ​ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക