
പ്രഭാത നടത്തത്തിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 75 വയസ്സുകാരനായ ധൻകറെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (എയിംസ്) പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ആശുപത്രി പുറത്തുവിട്ടിട്ടില്ല. പതിവ് പ്രഭാത നടത്തത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വീട്ടിലെത്തിച്ചു.
സംഭവമറിഞ്ഞ് എയിംസിലെ ഡോ. സന്ദീപ് സേത്തും ഐഎൽബിഎസ് മെഡിക്കൽ സംഘവും ഉടൻ വീട്ടിലെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കാർഡിയോ–ന്യൂറോ വിഭാഗത്തിലാണ് ധൻകർ ചികിത്സയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
ധൻകറിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒന്നിലധികം തവണ കുഴഞ്ഞുവീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരം. കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കിയിരുന്നു. ഇത്തവണയും പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണതോടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ വൃത്തങ്ങളും പൊതുസമൂഹവും. എന്നാൽ പരിശോധനാഫലങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ സംബന്ധിച്ച് എയിംസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലാത്തതിനാൽ കൂടുതൽ നിഗമനങ്ങളിലേക്ക് കടക്കാനാകില്ല.
2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധൻകർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2025 ജൂലൈ 21 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് മാറിയതിനുശേഷം വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വാർത്തകളിൽ ഇടംപിടിക്കുകയാണ്