
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കടുത്ത ആഗ്രഹമുണ്ടായിരുന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ സഹമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചൗഹാന്‍. സോണിയ ഗാന്ധിയുടെ പുസ്തകമായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചുമതല വഹിച്ചിരുന്ന സമയത്ത് പ്രണബ് മുഖര്‍ജിയുമായി നിരന്തരം ആശയവിനിമയം നടത്തിരുന്നുവെന്ന് പൃഥ്വിരാജ് ചൗഹാന്‍ അനുസ്മരിച്ചു. "പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നത് രഹസ്യമല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവും ഒറ്റയാള്‍ തിങ്ക് ടാങ്കുമായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ്ങിനേക്കാള്‍ രാഷ്ട്രീയ പരിചയവും ഭരണപരിചയവും തനിക്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു രാഷ്ട്രീയക്കാരന് അത്തരം ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതും 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ വിജയകരമായി ചെറുത്തുതോല്‍പ്പിച്ചതും അമേരിക്കയുമായുള്ള നയതന്ത്രബന്ധം ശക്തമാക്കിയതും മുന്‍നിര്‍ത്തിയാണ് 2009-ല്‍ മന്‍മോഹന്‍ സിങ്ങിനെ തന്നെ പാര്‍ട്ടി രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ സമയത്ത് സോണിയ ഗാന്ധി കടുത്ത അമര്‍ഷത്തിലായിരുന്നുവെന്നും ഉത്തരവാദികളായ മുതിര്‍ന്ന നേതാക്കളെക്കൊണ്ട് പദവികള്‍ രാജിവെപ്പിച്ചത് അവരുടെ കര്‍ശന നിലപാടിന്‍റെ ഭാഗമായിരുന്നുവെന്നും ചൗഹാന്‍ വ്യക്തമാക്കി.