Image

ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 50 പവൻ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ

Published on 11 November, 2026
ട്രെയിൻ യാത്രയ്ക്കിടെ  വയോധികയുടെ 50 പവൻ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ

പാലക്കാട്: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിൽ നിന്നാണെന്നതാണ് കേസിലെ ശ്രദ്ധേയമായ വഴിത്തിരിവ്.

ചെന്നൈയിൽനിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയായ കുമാരിയുടെ സ്വർണമാണ് മോഷണം പോയത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. ഏകദേശം 50 പവൻ സ്വർണം ബാഗിലാക്കി സീറ്റിന് താഴെയായിരുന്നു വയോധിക സൂക്ഷിച്ചിരുന്നത്. യാത്രയ്ക്കിടെ വയോധിക ഉറങ്ങിപ്പോയ സമയത്ത് പ്രതി ബാഗിൽനിന്ന് സ്വർണം കവർന്നതായാണ് വിവരം.

ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം വയോധികയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ റെയിൽവേ പൊലീസും ബന്ധപ്പെട്ട അന്വേഷണസംഘവും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ലഭിച്ച സൂചനകളാണ് ബാലമുരുകനിലേക്ക് പൊലീസിനെ എത്തിച്ചത്. ഇൻസ്റ്റഗ്രാമിൽ ഇയാൾ പങ്കുവെച്ച റീൽസും സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യവും അന്വേഷണത്തിൽ നിർണായകമായെന്നാണ് വിവരം.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ദിണ്ടിഗൽ സ്വദേശിയെ പിടികൂടിയത്. യാത്രക്കാരുടെ ശ്രദ്ധ മാറുന്ന സമയങ്ങൾ മുതലെടുത്ത് ട്രെയിനുകളിൽ മോഷണം നടത്തുന്ന സംഭവങ്ങൾ സുരക്ഷാ ആശങ്ക ഉയർത്തുന്നതിനിടെയാണ് 50 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിലാകുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കല്യാണ പരിപാടിക്ക് പോയി വരുന്ന വഴിയാണ് സ്വർണം കാണാതെ പോയതെന്നും ട്രെയിനിൽ സൂക്ഷിച്ച ബാഗ് ലോക്ക് ചെയ്‌തിട്ടുണ്ടായിരുന്നില്ലെന്നും കുമാരി പറഞ്ഞു. സംഭവം നടന്ന സമയത്ത് ആരെയും സംശയമില്ലായിരുന്നു. ബാഗിൻ്റെ ഉള്ളിൽ സ്വർണമുണ്ടെന്ന കാര്യം പ്രതി എങ്ങനെ അറിഞ്ഞു എന്നതിൽ വ്യക്തതയില്ല. നഷ്‌ടപ്പെട്ട സ്വർണം ഒരിക്കലും തിരിച്ച് കിട്ടുമെന്ന് വിചാരിച്ചില്ലെന്നും അവർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക