
ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ദീപാവലി രാത്രിയില്‍ ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ നടന്ന അക്രമത്തില്‍ 26-കാരനായ സൗരഭ് തോമര്‍ എന്ന യുവാവിനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഗോപാല്‍പുര്‍ ഗ്രാമത്തിലെ ഖദാനയില്‍ താമസിക്കുന്ന കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ വീട്ടിലെത്തിയതായിരുന്നു സൗരഭ്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വെടിവെപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ബാഗ്പത് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, സൗരഭും കുടുംബവും റോഡില്‍ പടക്കം പൊട്ടിക്കുമ്പോള്‍ അയല്‍വാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാര്‍ എത്തി ഇതിനെ എതിര്‍ത്തു. പിന്നാലെ സൗരഭിന്റെ സഹോദരനായ വിനീതുമായി (28) ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഈ തര്‍ക്കം പെട്ടെന്നുതന്നെ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ധീരജ് തന്റെ കൈയില്‍ കരുതിയിരുന്ന നാടന്‍ പിസ്റ്റള്‍ പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട ആദ്യം ചുമരിലിടിച്ച ശേഷമാണ് സൗരഭിന്റെ തലയില്‍ പതിച്ചത്. പിന്നാലെ, പ്രതികള്‍ വീണ്ടും വിനീതിനെ ആക്രമിക്കുകയും കുടുംബത്തിന് നേരെ ഭീഷണി മുഴക്കിയ ശേഷം സ്ഥലത്തുനിന്നും കടന്നുകളയുകയുമായിരുന്നു.
ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ സൗരഭിനെ മീററ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചുമരിലിടിച്ച വെടിയുണ്ട സൗരഭിന്റെ ചെവിയുടെ പിന്നിലൂടെയാണ് തലയില്‍ പതിച്ചത്. ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. ജവാന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏഴ് വര്‍ഷമായി രാഷ്ട്രപതി ഭവനില്‍ ജോലി ചെയ്തു വരികയായിരുന്നു സൗരഭ്. ദീപാവലിക്ക് മൂന്ന് ദിവസം മുമ്പാണ് സൗരഭ് വീട്ടിലെത്തിയതെന്ന് കേസില്‍ പരാതിക്കാരനായ പിതാവ് ജനക്രാജ് പറഞ്ഞു. 'സൗരഭും വിനീതും പടക്കം പൊട്ടിക്കുമ്പോഴാണ് പ്രതികള്‍ വന്ന് ആക്രമിച്ചത്. അവര്‍ക്ക് ഞങ്ങളുടെ കുടുംബത്തോട് പഴയ ശത്രുതയുണ്ട്.' അദ്ദേഹം
ആരോപിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് സൗരഭിന്റെ വിവാഹം കഴിഞ്ഞത്. ദമ്പതികള്‍ക്ക് ഒന്‍പത് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. വധശ്രമത്തിന് ധീരജിനും മോനുവിനുമെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അന്‍ഷു ജെയിന്‍ പറഞ്ഞു.