Image

വെറുതെ ആരോപണം ഉന്നയിക്കരുത്, തെളിവ് ഹാജരാക്ക്; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോര്‍ജ്

Published on 11 November, 2026
 വെറുതെ ആരോപണം ഉന്നയിക്കരുത്, തെളിവ് ഹാജരാക്ക്; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോര്‍ജ്

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലേക്കുള്ള എസ്ഒഎം തെരഞ്ഞെടുപ്പില്‍ അട്ടിമറിയും ക്രമക്കേടും നടന്നെന്ന നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജു ബോബി ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും അഞ്ജു പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഐഒഎയുടെ 'സ്‌പോര്‍ട്‌സ് പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (53 വോട്ട്) നേടിയാണ് അഞ്ജു ബോബി ജോര്‍ജ് വിജയിച്ചത്.

ലഭിച്ച വോട്ടുകള്‍ കായികരംഗത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണെന്ന് അഞ്ജു പ്രതികരിച്ചു. വോട്ടെടുപ്പില്‍ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരാനിരിക്കുന്ന ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതകള്‍ അഞ്ജു ബോബി ജോര്‍ജ് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞില്ല. വോട്ടെടുപ്പില്‍ 40 വോട്ടുകള്‍ മാത്രം നേടി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷയ്ക്ക് ഭരണസമിതിയിലെ അംഗത്വം നഷ്ടമായതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക