Image

2010-ൽ സ്തനാർബുദം, 2011-ൽ പാൻക്രിയാസ് കാൻസറും; രോഗവിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി സോണിയ ഗാന്ധി

Published on 10 November, 2026
2010-ൽ സ്തനാർബുദം, 2011-ൽ പാൻക്രിയാസ് കാൻസറും; രോഗവിവരങ്ങൾ  ആദ്യമായി വെളിപ്പെടുത്തി സോണിയ ഗാന്ധി

രാഷ്ട്രീയ ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും സ്വന്തം ആരോഗ്യപ്രശ്നങ്ങൾ പരസ്യപ്പെടുത്താതെ മുന്നോട്ടുപോയ സോണിയ ഗാന്ധി, വർഷങ്ങളായി മറച്ചുവെച്ച കാൻസർ പോരാട്ടത്തിന്റെ കഥ ആദ്യമായി വെളിപ്പെടുത്തുന്നു. 2010-ൽ സ്തനാർബുദം സ്ഥിരീകരിച്ചതും തൊട്ടടുത്ത വർഷം പാൻക്രിയാസിൽ അർബുദസാധ്യത കണ്ടെത്തിയതും ഉൾപ്പെടെയുള്ള അനുഭവങ്ങളാണ് ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലൂടെ മുൻ കോൺഗ്രസ് അധ്യക്ഷ പങ്കുവെച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലനിലും നെതർലാൻഡ്സിലെ റോട്ടർഡാമിലുമായി രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായെന്നും അവർ വെളിപ്പെടുത്തി.

2010-ൽ സ്തനാർബുദം സ്ഥിരീകരിച്ചപ്പോൾ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർമാരിൽ പൂർണ വിശ്വാസമുണ്ടായിരുന്നെങ്കിലും മാധ്യമശ്രദ്ധ ഒഴിവാക്കാനാണ് വിദേശത്ത് ചികിത്സ തേടാൻ തീരുമാനിച്ചത്. ഡൽഹിയിൽ ശസ്ത്രക്രിയ നടത്തിയാൽ ഉണ്ടാകാവുന്ന മാധ്യമകോലാഹലങ്ങളിൽനിന്ന് മാറിനിൽക്കാനായിരുന്നു ആഗ്രഹം. 

ആദ്യ ശസ്ത്രക്രിയയിൽ രണ്ട് ട്യൂമറുകൾ നീക്കംചെയ്തതായും ചികിത്സ വിജയകരമായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ 2011-ൽ തുടർപരിശോധനയ്ക്കിടെ പാൻക്രിയാസിൽ വളർച്ച കണ്ടെത്തിയത് സോണിയയെയും മക്കളെയും ഒരുപോലെ ഞെട്ടിച്ചു. നിരവധി പരിശോധനകൾക്കുശേഷം ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടാകുമോ, അതിജീവിക്കാൻ കഴിയുമോ തുടങ്ങിയ ആശങ്കകൾ അലട്ടിയിരുന്നുവെന്നും അവർ പുസ്തകത്തിൽ കുറിക്കുന്നു. റോട്ടർഡാമിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ട്യൂമർ പ്രാരംഭഘട്ടത്തിലാണെന്ന് വ്യക്തമായി. നാലാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവന്നെങ്കിലും രണ്ട് ശസ്ത്രക്രിയകളുടെയും കാലത്ത് കീമോതെറാപ്പി വേണ്ടിവന്നില്ലെന്നും സോണിയ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക