
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങളും തടയാന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാന്‍ വാട്സാപ്പിനും മറ്റ് ഇടനിലക്കാര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് പൊതുജനങ്ങള്‍ ഇരയാകുന്ന വിഷയത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇടപെടല്‍. ഒക്ടോബര്‍ 29 ന് നടന്ന വാദം കേള്‍ക്കലിന് ശേഷം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. വാട്സാപ്പും സമാനമായ മറ്റ് ഇടനിലക്കാരും തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിന് കൂടി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി നവംബര്‍ 23 ന് വീണ്ടും പരിഗണിക്കും.
വിഷയത്തില്‍ വാട്‌സ്ആപ്പ് ഇതിനകം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 9,400 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തെന്നും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ അക്കൗണ്ടുകള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുമുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെറ്റ കമ്പനി ഉള്‍പ്പെടെയുള്ള മറ്റ് ബന്ധപ്പെട്ട ഇടനിലക്കാര്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളും അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളും തടയാന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കും മറ്റ് സൈബര്‍ തട്ടിപ്പുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങളെയും ഉത്തരവാദികളാക്കണമെന്ന് ഒക്ടോബര്‍ 29 ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ബാങ്കുകള്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതുകൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഇരകള്‍ക്കുണ്ടായ നഷ്ടത്തിന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി.