
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് സർക്കാർ. രാജ്യത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാർ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. തിരിച്ചെത്തിയാൽ കോടതിയിൽ കീഴടങ്ങി നിയമനടപടികൾ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസ്ഥാപനം മുഖേനയാണ് ഹസീനയുടെ പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനുമായി അപേക്ഷ നൽകിയത്. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലേക്കാണ് അപേക്ഷ സമർപ്പിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ തത്ത്വങ്ങളും ബംഗ്ലാദേശ് പൗരത്വവും പരിഗണിച്ച് രേഖകൾ അനുവദിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. ഹൈക്കമ്മീഷൻ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.
എന്നാൽ, നിയമസ്ഥാപനം അയച്ച ഇമെയിലിൽ ഹസീനയുടെ അനുമതിപത്രമോ ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്നാണ് ബംഗ്ലാദേശ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനാൽ അപേക്ഷ ഹസീനയുടെ പേരിൽ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. പാസ്‌പോർട്ട് ലഭിക്കാനുള്ള നീക്കം നാടകമാണെന്നും ഹസീന തീവ്രവാദിയാണെന്നും സർക്കാർ പ്രതികരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഹസീന രാജ്യം വിട്ടുപോയതാണെന്നും പുതിയ പാസ്‌പോർട്ടുമായി തിരിച്ചെത്താനുള്ള നീക്കത്തിന് പ്രസക്തിയില്ലെന്നും ഹുമയൂൺ കബീർ പറഞ്ഞു. മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇന്ത്യയോട് തന്നെ കൈമാറാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.