
ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഈ മാസം 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം ആരംഭിക്കും. പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.
ഇൻസെന്റീവ് വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ ലീവ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്. നേരത്തെ 265 ദിവസത്തിലധികം നീണ്ട സമരത്തിലൂടെ ആശാ വർക്കർമാർ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തുമെന്ന് യു.ഡി.എഫ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 രൂപയുടെ വർധന മാത്രമാണ് പ്രഖ്യാപിച്ചത്. ഇതോടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർന്നു.
വാഗ്ദാനം ചെയ്ത തുക പൂർണമായി നൽകാത്തതിനെതിരെ പ്രതിപക്ഷ നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു.