Image

ഇറാനെതിരായ യുദ്ധം നിർത്തുന്നു എന്നു ട്രംപ്; നാവിക-വ്യാപാര ഉപരോധം തുടരും (പിപിഎം)

Published on 10 November, 2026
ഇറാനെതിരായ യുദ്ധം നിർത്തുന്നു എന്നു ട്രംപ്; നാവിക-വ്യാപാര ഉപരോധം തുടരും (പിപിഎം)

ഇറാനെതിരായ സൈനിക നടപടികൾ യുഎസ് അവസാനിപ്പിച്ചെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു. എന്നാൽ ഇറാനു ചുറ്റും ഉരുക്കു കവചം തീർത്ത ഉപരോധം തുടരുമെന്നും അതിനു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇറാൻറെ അയൽ രാജ്യങ്ങളുടെ പിന്തുണ ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.  

വാഷിംഗ്ടണിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടന്ന രഹസ്യ ചർച്ചയ്ക്കു ശേഷമാണു ട്രംപ് പ്രഖ്യാപനം നടത്തിയത്.

ഇറാന്റെ സൈന്യത്തെ അടിച്ചു തീർത്തെന്നു ട്രംപ് വീണ്ടും അവകാശപ്പെട്ടു. അതേ സമയം, യുദ്ധം തീർക്കാൻ മിഡിൽ ഈസ്റ്റിലെ സഖ്യ രാജ്യങ്ങൾ അദ്ദേഹത്തിന്റെ മേൽ സമ്മർദം ചെലുത്തി എന്നത് രഹസ്യവുമല്ല.

എന്നാൽ ഇറാന്റെ അയൽക്കാരായ അവർ ആവശ്യപ്പെടുന്നതു കൊണ്ടാണ് ഉപരോധം തുടരുന്നതെന്നു ട്രംപ് പറഞ്ഞു.

ഷെയ്ഖ് മുഹമ്മദുമായുള്ള ചർച്ചയിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പങ്കെടുത്തിരുന്നു.

ഇറാന്റെ തുറമുഖങ്ങളുടെ മേലുള്ള ഉപരോധവും അവരുടെ വ്യാപാരം തടയാനുള്ള നടപടികളും തുടരുമെന്ന്‌ ട്രംപ് വ്യക്തമാക്കി.  "ഖത്തർ, യു എ ഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടതു കൊണ്ട് അത് തുടരും."  

ശ്രദ്ധ തിരിക്കാനെന്നു ഇറാൻ

യുദ്ധം യുഎസിനെ രാഷ്ട്രീയമായി തകർത്തെന്നും ട്രംപിന്റെ പ്രസ്താവന ശ്രദ്ധ തിരിക്കാൻ മാത്രമാണെന്നും ഇറാൻ പ്രതികരിച്ചു. "ഗതികെട്ട ചൂതാട്ടം," നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി പറഞ്ഞു.  

"കൈകൂപ്പുക, നടക്കാത്ത ചർച്ചകളെ കുറിച്ച് വ്യാജ വാർത്ത പടച്ചു വിടുന്നത് നിർത്തുക."  

യുദ്ധമോ സമാധാനമോ അല്ലാത്ത അവസ്ഥ അവസാനിപ്പിക്കണമെന്നു ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേയാനി ആവശ്യപ്പെട്ടെന്നു പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

"ബലപ്രയോഗത്തിനു മുന്നിൽ ഇറാൻ കീഴടങ്ങുമെന്നു ആരും കരുതേണ്ട," അദ്ദേഹം താക്കീതു നൽകി.

Trump says military action against Iran over 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക